
ലഖ്നൗ: ഉത്തര്‍പ്രദേശ് (Uttar Pradesh) തെരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി (Priyanka Gandhi). ഗൃഹസമ്പര്‍ക്ക പരിപാടിയുമായി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി വലിയ ആത്മവിശ്വാസമാണ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചത്. വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ അവകാശവാദങ്ങളാണ് പ്രചാരണത്തില്‍ യോഗി ഉന്നയിക്കുന്നതെന്നും രണ്ട് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ സജീവമായുള്ള തനിക്ക് യാഥാര്‍ത്ഥ്യമെന്തന്ന് നന്നായറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കും തെരഞ്ഞെടുപ്പിലും ദുര്‍ബലമായ സംഘടനാ സംവിധാനവും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നില്ല. സീറ്റുകള്‍ ഇരട്ട അക്കം കടക്കില്ലെന്നാണ് അഭിപ്രായ സര്‍വ്വേകളും പറയുന്നത്.
ജനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും മുന്‍ സര്‍ക്കാരുകള്‍ യുപിയെ തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് ഇന്ന് മുതല്‍ തുടങ്ങിയ വെര്‍ച്വല്‍ റാലിയില്‍ പ്രധാനമന്ത്രി സംസാരിച്ചത്. ബിജെപി അധികാരത്തിലെത്തും മുന്‍പുണ്ടായിരുന്ന സര്‍ക്കാര്‍ വീണ്ടും വന്നാല്‍ ഗുണ്ടാഭരണമായിരിക്കും ഉത്തര്‍പ്രദേശിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാജ്‍വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യം കാര്‍ഷിക വിഷയങ്ങളടക്കം സജീവമാക്കി പ്രചാരണത്തില്‍ നിറയുമ്പോള്‍ സമാജ്‍വാദി പാര്‍ട്ടി ഏറെ പഴികേട്ട ക്രമസമാധാനം ആദ്യഘട്ടത്തിലെ അവസാനവട്ട പ്രചാരണത്തില്‍ ചര്‍ച്ചയാക്കി സത്രീകളുടേതടക്കം പിന്തുണ ഉറപ്പാക്കാനാണ് ബിജെപി നീക്കം .
അതേസമയം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ കരിമ്പ് കര്‍ഷകരും തൊഴിലാളികളും പ്രതിഷേധം നടത്തുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ പരാതികള്‍ സര്‍ക്കാര്‍ പ്രതികാരത്തോടെ അവഗണിക്കുകയാണന്നാണ് കര്‍ഷകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വില തകര്‍ച്ചയും, കിട്ടാനുള്ള ഭീമമായ കുടിശികയില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നത് കര്‍ഷക രോഷം ഇരട്ടിയാക്കുകയാണ്. കരിമ്പ് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ 40 ലക്ഷത്തോളം കര്‍ഷകരാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. സഹകരണ മേഖലിയിലേത് ഉള്‍പ്പടെ 150 ഓളം വരുന്ന ഷുഗര്‍ മില്ലുകളില്‍ നിന്നായി 2000 കോടിയോളം രൂപ കുടിശിക കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. നിലവില്‍ സാധാരണ കരിമ്പിന്‍റെ താങ്ങുവില ക്വിന്‍റലിന് 340 രൂപയും ഗുണനിലവാരം കൂടിയതിന് 350 രൂപയുമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 35 രൂപ മാത്രമാണ് താങ്ങുവിലയിലുണ്ടായ വര്‍ധന. ക്വിന്‍റലിന് 425 രൂപയായി ഉയര്‍ത്തണമെന്ന് ഭാരതീയ കിസാന്‍ യൂണിയനടക്കം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. കര്‍ഷകരുടെ പണം നല്‍കാത്ത മില്ലുടമകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കേവലം തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി മാത്രമേ കര്‍ഷകരും തൊഴിലാളികളും കാണുന്നുള്ളു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam