
ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.
ഇന്ന് മാത്രം എഴുനൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്. ദില്ലിയിൽ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള 32 സർവീസുകളും ബെംഗളൂരുവിൽ നിന്നുള്ള 102 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 31 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയിൽ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി.
ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ കേരളത്തിൽ അടക്കം പെരുവഴിയിൽ ആയി. തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ അടക്കം സർവീസുകൾ അലങ്കോലമായി. കൂട്ട റദ്ദാക്കലുകൾക്ക് ഒപ്പം മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കൂടി ആയതോടെ വലിയ പ്രതിഷേധങ്ങൾ പലയിടത്തും ഉയരുകയാണ്. യഥാർത്ഥ കാരണം എന്തെന്ന് അധികൃതർ വെളിപ്പെടുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ഇൻഡിഗോ പ്രതിസന്ധിയിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.ഒരു വിമാനകമ്പനിക്ക് സർവാധിപത്യം നൽകിയതിൻ്റെ തിരിച്ചടിയാണ് അനുഭവിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാരിൻ്റെ കുത്തക മാതൃകയുടെ ഫലമാണ് ഇൻഡിഗോയുടെ പരാജയമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.