
ദില്ലി: ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇന്‍ഡിഗോ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ഇൻഡിഗോയുടെ 650 സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. ഡിജിസിഎ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇന്‍ഡിഗോ സിഇഒക്കെതിരെ നടപടിയുണ്ടാകും. പ്രതിസന്ധിയിലിടപെട്ട വ്യോമയാന പാര്‍ലമെന്‍ററി സമിതി ഇന്‍ഡിഗോ അധികൃതരെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനേയും വിളിച്ചു വരുത്തും.
ആയിരത്തിലധികം സര്‍വീസുകളാണ് വെള്ളിയാഴ്ച മുടങ്ങിയത്. ഇന്നലെ മാത്രം 850 സര്‍വീസുകളും മുടങ്ങി. ഇന്ന് മാത്രം 650 സര്‍വീസുകളാണ് മുടങ്ങിയത്. ദിവസം ചെല്ലുംതോറും പ്രതിസന്ധി കുറയുന്നുവെന്നാണ് കണക്കുകള്‍ നിരത്തി ഇന്‍ഡിഗോ വാദിക്കുന്നത്. 95 ശതമാനം സര്‍വീസുകളും പുനസ്ഥാപിച്ചു. റദ്ദാക്കിയതില്‍ ഏറ്റവുമധികം ബെംഗളൂരുവിലാണ് .150 സര്‍വീസുകളാണ് ബെംഗളൂരുവിൽ റദ്ദാക്കിയത്. ഹൈദരബാദില്‍ 115ളും, മുംബൈയില്‍ 112 ഉം, ദില്ലിയില്‍ 109ഉം ചെന്നൈയില്‍ 38 ഉം സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശേരിയില്‍ 9 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ ശബരിമല തീര്‍ത്ഥാടകരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വലഞ്ഞു.
റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ പണം സര്‍ക്കാര്‍ പറഞ്ഞ സമയത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ലഗേജുകളും എത്തിച്ച് നല്‍കും. അതേ സമയം, സര്‍ക്കാരിനെ കൂടി വെട്ടിലാക്കിയ പ്രതിസന്ധിയില്‍ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുമെന്ന സൂചന ശക്തമാക്കി. വ്യോമയാനമന്ത്രിയടങ്ങുന്ന സമിതിയോട് തെറ്റ് പറ്റിയെന്ന് പീറ്റര്‍ എല്‍ബേഴ്സ് കുറ്റ സമ്മതം നടത്തിയിരുന്നു. നാലംഗ അന്വേഷണ സംഘം പതിനഞ്ചോടെ റിപ്പോര്‍ട്ട് നല്‍കും. വ്യോയമാന മന്ത്രാലയ പാര്‍ലെന്‍റ് സമിതിയും നിലപാട് കടുപ്പിപ്പിക്കുകയാണ്. സമീപ ദിവസം തന്നെ ഇന്‍ഡിഗോ സിഇഒയെയും, ഡിജിസിഎ അധികൃതരേയും വിളിച്ചു വരുത്തും. ടിക്കറ്റ് കൊള്ള നടത്തിയ വിമാന കമ്പനികളും മറുപടി നല്‍കേണ്ടി വരും. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കഴുത്തറപ്പന്‍ നിരക്കുകളില്‍ കമ്പനികള്‍ കുറവ് വരുത്തി. ഇന്‍ഡിഗോ പ്രതിസന്ധി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളേയും പ്രക്ഷുബ്ധമാക്കിയേക്കും.