
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാകിസ്‌താനി വനിത. കറാച്ചി സ്വദേശിയായ നികിത നാഗ്‌ദേവാണ് പരാതിക്കാരി. തൻ്റെ ഭർത്താവ് ദില്ലിയിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുവെന്നും ഇത് തടയണമെന്നും സമൂഹമാധ്യമം വഴി പുറത്തുവിട്ട വീഡിയോയിൽ ആവശ്യപ്പെടുന്നു. പാകിസ്ഥാൻ വംശജനായ വിക്രം നാഗ്‌ദേവിനെതിരെയാണ് പരാതി. ദീർഘകാല വീസയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ താമസിക്കുന്ന ഇയാൾ ദില്ലിയിലെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ നടത്തുന്ന നീക്കം തടയണമെന്നാണ് വീഡിയോയിലൂടെ ആവശ്യപ്പെട്ടുന്നത്.
കറാച്ചിയിൽ വെച്ച് 2020 ജനുവരി 26 ന് ഹിന്ദു ആചാരപ്രകാരമാണ് വിക്രവും നികിതയും വിവാഹിതരായത്. 2020 ഫെബ്രുവരി 26 ന് നികിതയെ വിക്രം ഇന്ത്യയിലെത്തിച്ചു. എന്നാൽ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി.കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, 2020 ജൂലൈ 9 ന് വീസ പ്രശ്നങ്ങൾ പറഞ്ഞ് അട്ടാരി അതിർത്തി വഴി നികിതയെ പാകിസ്‌താനിലേക്ക് വിക്രം തിരിച്ചയച്ചു. ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും വിക്രം തയ്യാറായില്ലെന്ന് നികിത ആരോപിക്കുന്നു.
വിക്രമിന് ബന്ധുവായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ അച്ഛനോട് പറഞ്ഞപ്പോൾ അതൊക്കെ സാധാരണമെന്ന് മറുപടി ലഭിച്ചതായും നികിത ആരോപിക്കുന്നു. പാകിസ്‌താനിൽ അഞ്ച് വർഷമായി ഭർത്താവുമായി അകന്ന് കഴിയുന്ന നികിത, വിക്രം വീണ്ടും വിവാഹം കഴിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 2025 ജനുവരി 27-ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിനെ സമീപിച്ചിരുന്നു. പങ്കാളികളിൽ ആരും ഇന്ത്യൻ പൗരന്മാരല്ലെന്ന് ചൂണ്ടിക്കാട്ടി, വിഷയം പാകിസ്ഥാന്റെ അധികാരപരിധിയിൽ വരുമെന്നും വിക്രമിനെ പാകിസ്ഥാനിലേക്ക് നാടുകടത്താൻ ശുപാർശ ചെയ്തതായും കേന്ദ്രം അന്ന് കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഉത്തരവ് നടപ്പാകാതെ വന്നതോടെ മെയ് മാസത്തിൽ വീണ്ടും നികിത മധ്യപ്രദേശിലെ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചു. എന്നിട്ടും മാറ്റമുണ്ടായില്ല.വിഷയം വീണ്ടും ശക്തമായി നികിത ഉന്നയിക്കുകയും ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ, വിക്രമിനെ നാടുകടത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്‌ടർ ആശിഷ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.