
ബെംഗളൂരു: മലയാളി യുവാക്കൾ അടക്കം രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 6 പേർ ദില്ലി പൊലീസ് പിടിയിൽ. ദില്ലിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. മലയാളികളായ എ എം സുഹൈൽ, കെ എസ് സുജിൻ, നൈജീരിയൻ പൗരൻമാർ, ബെംഗളൂരു സ്വദേശികളായ ദമ്പതികൾ എന്നിവരെയാണ് ദില്ലി പൊലീസ് പിടികൂടിയത്. ദില്ലിയിൽ നിന്ന് ബെംഗളൂരു, കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദമാക്കുന്നത്. മലയാളികളായ സുഹൈലും സുജിനും ചേർന്നാണ് ലഹരിസംഘം ബെംഗളൂരുവിൽ നടത്തിയിരുന്നതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പിടിയിലായ ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കും സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് സഹീദ് എന്ന ഫിറോജ്, ഭാര്യ സുഹ ഫാത്തിമ എന്നിവരാണ് പിടിയിലായ ദമ്പതികൾ. മയക്കുമരുന്നിന് അടിമയായ ആദ്യ ഭർത്താവ് വഴിയാണ് ഫാത്തിമ ലഹരിമരുന്ന് വ്യാപാരത്തിലേക്ക് എത്തിയത്. സഹീദിനെ പുനർവിവാഹം ചെയ്ത ശേഷം, ദമ്പതികൾ സുഹൈലുമായി ചേർന്ന് ഇടപാടുകൾ നടത്തുകയായിരുന്നു.
ദില്ലി, ബെംഗളൂരു, കേരളം തുടങ്ങി സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു വിതരണ ശൃംഖല പിടിയിലായ ലഹരി സിൻഡിക്കേറ്റിനുണ്ടായിരുന്നുവെന്നും നൈജീരിയൻ സ്വദേശികളാണ് ലഹരിമരുന്ന് ഇവക്ക് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് വിശദമാക്കുന്നത്. വിദ്യാർഥികൾ, ഐടി പ്രൊഫഷനലുകൾ, യുവാക്കൾ എന്നിവരെയാണ് ഈ ലഹരി സിൻഡിക്കേറ്റ് ലക്ഷ്യമിട്ടതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈം ബ്രാഞ്ച്) ഹർഷ് ഇന്തോറ വിശദമാക്കിയത്.
സുഹൈലിനെ ക്രൈംബ്രാഞ്ച് യൂണിറ്റ് കുറച്ച് കാലമായി നിരീക്ഷിച്ചു വരികയായിരുന്നു. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ഒരു ഗസ്റ്റ്ഹൗസിൽ വച്ചാണ് സുഹൈലും സുജിനും പൊലീസ് പിടിയിലായത്. റെയ്ഡിൽ ആറ് കിലോഗ്രാം മെത്താംഫെറ്റാമൈൻ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബെംഗളൂരുവിലെ ലഹരിവിതരണ സംഘത്തെ കുറിച്ച് സൂചനകൾ ലഭിച്ചത്. തുടർന്നാണ് പൊലീസ് ബെംഗളൂരുവിൽ എത്തി റെയ്ഡ് നടത്തി ദമ്പതികൾ അടക്കമുള്ളവരെ പിടികൂടിയത്. നൈജീരിയൻ ഫോൺ നമ്പറിനെ പിന്തുടർന്നുള്ള അന്വേഷണമാണ് ദില്ലിയിലെ മോഹൻഗാർഡനിലെ ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്. അറസ്റ്റിലായ നൈജീരിയൻ സ്വദേശിയായ ഡീക്കോ നേരത്തെ ബെംഗളൂരു അടിസ്ഥാനമായി ലഹരിമരുന്ന് വിതരണം ചെയ്തിരുന്നു.
എന്നാൽ പരിശോധനകൾ ശക്തമായതിന് പിന്നാലെ ഇയാൾ ദില്ലിയിലേക്ക് കളം മാറ്റുകയായിരുന്നു. ഛത്തർപൂരിലെ ഇയാളെ വാടക മുറിയിൽ നിന്ന് 865 ഗ്രാം മെത്താംഫെറ്റാമൈൻ ആണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശിയായ സ്ത്രീയായിരുന്നു ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ദുബായിൽ നിന്ന് 2019ൽ തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും പിന്നീട് ലഹരി വ്യാപാരത്തിലേക്ക് എത്തിയെന്നുമാണ് സുഹൈൽ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. പിടികൂടാതിരിക്കാൻ ചെറിയ അളവിൽ മാത്രമായിരുന്നു വിൽപന. വിൽപന വളരെ സുരക്ഷിതമാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നുവെന്നും സുഹൈൽ പറയുന്നു. പെട്ടന്ന് പണം സമ്പാദിക്കാനാണ് ലഹരിമരുന്ന വ്യാപാരത്തിലേക്ക് ഇറങ്ങിയതെന്നാണ് സുജിൻ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം