കൊവിഡ് രോഗാണുവാഹക കത്തുകളെ കരുതിയിരിക്കണം! ലോകരാജ്യങ്ങൾക്ക് ഇന്റർപോൾ മുന്നറിയിപ്പ്

By Web TeamFirst Published Nov 20, 2020, 12:32 PM IST
Highlights

രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഇന്‍റര്‍ പോളിന്‍റെ നിര്‍ദേശം.

ദില്ലി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിറിയിപ്പുമായി ഇന്റർപോൾ. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഇന്‍റര്‍ പോളിന്‍റെ നിര്‍ദേശം. കൊവിഡുമായി ബന്ധപ്പെട്ട് ഏജൻസി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് പുതിയ മുന്നറിയിപ്പുള്ളത്.

ഇന്ത്യ ഉൾപ്പെടെ 194 രാജ്യങ്ങൾക്കാണ് ജാഗ്രത നിർദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ആന്ത്രാക്സ് രോഗം പടർന്ന സാഹചര്യത്തിൽ ഇത്തരത്തിൽ രോഗാണുവാഹക കത്തുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ അത്തരത്തിലുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം. 

ലോക രാജ്യങ്ങളിൽ കൊവിഡ് വീണ്ടും പടരുകയാണ്. 57,254,539 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,365,924 പേർ രോഗത്തിന് കീഴടങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഡൊണാൾഡ് ട്രംപ് അടക്കമുള്ള പല ലോകരാജ്യനേതാക്കൾക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 12,070,712 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു. വാക്സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കിലും രോഗം പടരുന്നത് പൂർണ്ണമായും തടയാൻ സാധിച്ചിട്ടില്ല. 

click me!