
ദില്ലി: ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് ഹെലികോപ്റ്റർ ജോഷിമഠിന് സമീപം തകർന്നുവീണത്. തുടർച്ചയായ അപകടങ്ങൾ മേഖലയിലെ വ്യോമ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുകയാണ്.
തീർത്ഥാടനകേന്ദ്രമായ ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്കാണ് ജോഷിമഠിലെ ഛായി ഗ്രാമത്തിന് സമീപം തകർന്ന് വീണത്. ഉച്ചയ്ക്ക് 1:12-ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള റഡാർ-റേഡിയോ ബന്ധം 1:14-ഓടെ പൂർണ്ണമായും ഇല്ലാതായി. ഹെലികോപ്റ്റർ പെട്ടെന്ന് താഴേക്ക് പതിക്കുന്നത് സമീപത്തെ കരസേനാ പോസ്റ്റിലുണ്ടായിരുന്ന സൈനികർ കണ്ടിരുന്നു. തൊട്ടുപിന്നാലെ താഴ്‌വരയിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട ഇവരാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. പിന്നീട് സെന്യവും, ദുരന്ത നിവാരണസേനയും, പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടത്തിയത്.
ഹെലികോപ്റ്ററിൻ്റെ പൈലറ്റ് ദില്ലി സ്വദേശി ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ, യാത്രക്കാരായിരുന്ന ബംഗളൂരു സ്വദേശികളായ അരുൺ സാലുങ്കെ, എച്ച്.എസ്. നടരാജ്, കെ സുധീർ, ശങ്കർ ഗൗഡ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ട്രാൻസ് ഭാരത് ഏവിയേഷൻ എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്ന് വീണത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന് തൊട്ടുമുമ്പ് ഇതേ റൂട്ടിലൂടെ മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയിരുന്നു. അതിനാൽ അപകടത്തിന് കാരണം കാലാവസ്ഥാ മാറ്റമാണോ അതോ ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറാണോ എന്നതാണ് പ്രാഥമികമായി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പരിശോധിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉത്തരാഖണ്ഡിൽ സംഭവിക്കുന്ന 13-ാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഇതിൽ ആറ് അപകടങ്ങളിൽ മാത്രം 27 പേർക്ക് ജീവൻ നഷ്ടമായി. തീർത്ഥാടന സീസണുകളിൽ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി മേഖലകളിൽ സർവീസ് നടത്തുന്ന ഹെലികോപ്റ്ററുകളുടെ സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണ് അപകടങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണമെന്നാണ് പരാതി. അപകടത്തെ തുടർന്ന് ട്രാൻസ് ഭാരത് ഏവിയേഷൻ കമ്പനിയുടെ മുഴുവൻ ഹെലികോപ്റ്റർ സർവീസുകളും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി താൽക്കാലികമായി റദ്ദാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam