
മുംബൈ: ആയുധങ്ങളുമായി മഹാരാഷ്ട്രാ തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുധ സേനയുടെ അന്വേഷണം തുടരുന്നു. ബോട്ടിന്‍റെ ഉടമസ്ഥയായ ഓസ്ട്രേലിയൻ പൗരയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ജൂൺ 26 നാണ് യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ ബോട്ട് ഉപേക്ഷിച്ച് കൊറിയൻ നേവിയുടെ കപ്പലിൽ സ്ത്രീയും ഭർത്താവും അടങ്ങുന്ന സംഘം ഒമാനിലേക്ക് പോയത്. പിന്നീട് ബോട്ടിനെക്കുറിച്ച് വിവരമില്ലായിരുന്നു. തീരത്ത് ബോട്ട് കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കാനുള്ള തെളിവുകളില്ലെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. എൻഐഎയും സംഭവവുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തുന്നുണ്ട്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളുമാണ് ബോട്ടിലുണ്ടായിരുന്നത്.
അഞ്ച് വീടുകൾ, നീന്തൽക്കുളം, മിനി ബാർ, ജക്കൂസി, ഹോം തിയറ്റർ...; ആർടിഒ ഉദ്യോഗസ്ഥന്റെ സ്വത്തിൽ ഞെട്ടി അധികൃതർ
ഭോപ്പാൽ: റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും വീടുകളിൽ റെയ്ഡ് ചെയ്ത സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തിയത് വലിയ രീതിയിലുള്ള അനധികൃത സ്വത്തുസമ്പാദനം. മധ്യപ്രദേശിലെ ജബൽപൂരിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥനായ സന്തോഷ് പോൾ, ഭാര്യ ലേഖ പോൾ എന്നിവരുടെ മൂന്ന് സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഫൈവ് സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ദമ്പതികൾക്ക് അവരുടെ വരുമാന സ്രോതസ്സുകളേക്കാൾ 650 മടങ്ങ് ആസ്തിയുണ്ടെന്ന് കണ്ടെത്തിയതായി ഇഒഡബ്ല്യു പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര സിംഗ് രാജ്പുത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇരുവർക്കും വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സമ്പത്ത് ഉണ്ടെന്ന പരാതിയെ തുടർന്നാണ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തിയത്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിൽ നീന്തൽക്കുളം, മിനി ബാർ, ജക്കൂസി, ഹോം തിയേറ്റർ, സന്തോഷ് പോളിന് പ്രത്യേക ഓഫീസ് എന്നിവയും ഉദ്യോഗസ്ഥർ കണ്ടെത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, ദമ്പതികൾക്ക് അഞ്ച് വീടുകൾ, ഒരു ഫാംഹൗസ്, കാർ, എസ്‌യുവി, രണ്ട് ഇരുചക്ര വാഹനങ്ങൾ എന്നിവയുമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോളിനും ഭാര്യയ്ക്കുമെതിരെ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഇഒഡബ്ല്യു പോലീസ് സൂപ്രണ്ട് പറഞ്ഞു. പരിശോധനയിൽ ഇഒഡബ്ല്യു ഉദ്യോഗസ്ഥർ 16 ലക്ഷം രൂപയും പണവും ആഭരണങ്ങളും ചില രേഖകളും കണ്ടെടുത്തു. ഇരുവരും എങ്ങനെയാണ് ഇത്രയും സ്വത്തുക്കൾ സമ്പാദിച്ചതെന്ന് അധികൃതർ പരിശോധിക്കും. ഇരുവരുടെയും സ്വത്ത് വിവരങ്ങൾ പുറത്തുവന്നപ്പോൾ സഹപ്രവർത്തകരും അത്ഭുതപ്പെട്ടു. സാധാരണ സർക്കാർ ജോലി കൊണ്ട് കോടിക്കണക്കിന് രൂപ ആസ്തിയുള്ള സ്വത്തുക്കൾ സമ്പാദിക്കാനാകില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്.