
ടെഹ്‌റാൻ: ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ശിവാലിക്, നന്ദ ദേവി എന്നീ എൽപിജി ടാങ്കറുകൾക്കാണ് ഇറാൻ അനുമതി നല്കിയത്. കൂടുതൽ ഇന്ത്യൻ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകുന്നത് പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വഹിക്കുന്ന ടാങ്കർ ശനിയാഴ്ചയോടെ ഇന്ത്യൻ തീരത്തെത്തും. ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം കണക്കിലെടുത്താണ് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകിയതെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യക്ക് സുരക്ഷിതമായ പാത ഒരുക്കുമെന്ന് വ്യക്തമാക്കിയ ഇറാൻ അംബാസഡർ, ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹിയും ഈ നീക്കത്തെ സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടക്കിലൂടെയുള്ള ഇന്ധന നീക്കം തടസപ്പെട്ട നിലയിലാണ്. ഇതോടെ ഇന്ത്യയിൽ ഗ്യാസ് വിതരണമടക്കം പ്രതിസന്ധിയിലായ സ്ഥിതിയാണ്. ഈ ആശങ്കകൾക്കിടെയാണ് ആശ്വാസകരമായ വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച, ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ട് മറ്റൊരു കപ്പലും ഇന്ത്യയിലെത്തിയിരുന്നു. സൗദിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ട് സൂയസ്മാക്സ് ടാങ്കർ ഷെൻലോങ്, ഹോർമൂസ് കടലിടുക്ക് കടന്ന് മുംബൈ തുറമുഖത്ത് എത്തിച്ചേർന്നിരുന്നു. ഫെബ്രുവരി അവസാനം ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ ക്രൂഡ് ഓയിൽ കാരിയറാണ് ലൈബീരിയ പതാക വഹിച്ച ഷെൻലോങ്. പിന്നാലെയാണ് രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam