പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണക്കുന്നത് ഇന്ത്യക്ക് ആപത്ത്: ഇറോം ശര്‍മിള

By Web TeamFirst Published Dec 7, 2019, 9:53 AM IST
Highlights

ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. പൊലീസിന് നിയമം കൈയിലെടുക്കാൻ അവകാശമില്ല. ആരാണ് പൊലീസിന് വെടിവെക്കാൻ അധികാരം നൽകിയതെന്നും ഇറോം ശർമിള ചോദിച്ചു. 

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്നതില്‍ പ്രതികരണവുമായി മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. നിയമപാലകരുടെ ഇത്തരം നടപടികൾ രാജ്യത്തെയും പൗരന്മാരെയും അപകടത്തിലാക്കുമെന്ന് ഇറോം ശർമിള പറഞ്ഞു.

പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നവർ അന്ധത ബാധിച്ചവരാണെന്നും ഇറോം ശർമിള പറഞ്ഞു.   ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. പൊലീസിന് നിയമം കൈയിലെടുക്കാൻ അവകാശമില്ല. ആരാണ് പൊലീസിന് വെടിവെക്കാൻ അധികാരം നൽകിയതെന്നും ഇറോം ശർമിള ചോദിച്ചു. അനീതിക്കെതിരായ പോരാട്ടത്തില്‍ താന്‍ വ്യതിചലിച്ചിട്ടില്ലെന്നും ഇറോം ശര്‍മിള കൂട്ടിച്ചേര്‍ത്തു.

Read More: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്ന് കോടതി

ഇന്നലെ പുലർച്ചെയാണ് പൊലീസ് വെടിവെപ്പില്‍ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.

അതേസമയം, പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർദ്ദേശം.

click me!