ഹൈരാബാദ്: ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍, പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിലാണ് നിർദ്ദേശം. പോസ്റ്റ്മോർട്ടം ദൃശ്യങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ നാളെ വിശദമായി കേൾക്കും. 

ഇന്ന് പുലർച്ചെയാണ് പൊലീസ് വെടിവെപ്പില്‍ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വാദം.പൊലീസ് ഏറ്റുമുട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ഹൈദരാബാദ് വെടിവെപ്പ്: പൊലീസിനെ വിശ്വസിക്കുന്നതായി കൊല്ലപ്പെട്ട ദിശയുടെ കുടുംബം

അതിനിടെ വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതായും കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.