'ഇസ്രായേലി സംഘം ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന റിപ്പോർട്ട് ​ഗുരുതരം, അന്വേഷണം വേണം'; ആവശ്യവുമായി കോൺ​ഗ്രസ്

Published : Feb 16, 2023, 09:27 PM ISTUpdated : Feb 17, 2023, 10:31 AM IST
'ഇസ്രായേലി സംഘം ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന റിപ്പോർട്ട് ​ഗുരുതരം, അന്വേഷണം വേണം'; ആവശ്യവുമായി കോൺ​ഗ്രസ്

Synopsis

ഇസ്രായേൽ സംഘമായ 'ടീം ജോർജ്' ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിലെ തെര‍ഞ്ഞെടുപ്പുകളിൽ ഇടപെടാൻ വ്യാജ സോഷ്യൽ മീഡിയ പ്രചാരണത്തിനായി ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ദില്ലി: ഇന്ത്യൻ തെരഞ്ഞെടുപ്പിൽ  ഇസ്രായേലി സംഘം ഇടപെട്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്നും വിഷയത്തിൽ സർക്കാർ മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രം​ഗത്ത്. കോൺഗ്രസ് വക്താക്കളായ പവൻ ഖേരയും സുപ്രിയ ശ്രീനതേയുമാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതിൽ ഇസ്രായേലി കോൺട്രാക്ടർമാരുടെ സംഘമായ 'ടീം ഹോഹെയും' ബിജെപി ഐടി സെല്ലും തമ്മിൽ സമാനത പുലർത്തിയെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നും കോൺ​ഗ്രസ് വക്താക്കൾ ആരോപിച്ചു.

ഇസ്രായേൽ സംഘമായ 'ടീം ഹോഹെ' ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിലെ തെര‍ഞ്ഞെടുപ്പുകളിൽ ഇടപെടാൻ വ്യാജ സോഷ്യൽ മീഡിയ പ്രചാരണത്തിനായി ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ സർക്കാർ മൗനം വെടിഞ്ഞ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന്  പറയണമെന്നും അന്താരാഷ്ട്ര ഏജൻസി ​ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ മറുപടി നൽകേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണെന്നും കോൺ​ഗ്രസ് വക്താക്കൾ പറഞ്ഞു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ സഹായം തേടുകയാണെന്നാണ് അർഥം. ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശ സ്ഥാപനത്തിന് കൈമാറിയെന്നും ഇരുവരും ആരോപിച്ചു. 

മോദി സർക്കാരിനെതിരെ ഇതാദ്യമായല്ല ഡാറ്റ ചോർത്തൽ ആരോപണം ഉയരുന്നതെന്നും ഇവർ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ രാജ്യം ഭരിക്കുന്ന പാർട്ടി ഹൈജാക്ക് ചെയ്യുകയാണെന്നും ആരോപണമുന്നയിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തെ സ്വാധീനിക്കാൻ ഇസ്രായേൽ ഏജൻസിയുടെ സഹായം തേടുന്നതിലൂടെ ഇന്ത്യയിൽ ഇരുന്ന് മറ്റ് രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കോൺ​ഗ്രസ് വക്താക്കൾ പറഞ്ഞു. ഡിജിറ്റൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയത്തിൽ ഇടപെടാൻ മോദി സർക്കാർ കേംബ്രിഡ്ജ് അനലിറ്റിക്കയെയും (സിഎ) പെഗാസസിനെയും ഉപയോഗിച്ചുവെന്ന ആരോപണവും ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. 

ഇസ്രായേലി സംഘത്തിന്റെ മാതൃകയിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഫേക്ക് സോഷ്യൽ മീഡിയ അക്കൗണ്ട്തെ വഴി പ്രചരിപ്പിച്ചു. ബിജെപി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ എന്നിവരടക്കമാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത്. കഴിഞ്ഞ നാലഞ്ചു മാസങ്ങളിൽ ഭാരത് ജോഡോ യാത്രയെ ലക്ഷ്യമിട്ട് ബിജെപി വ്യാജവാർത്തകൾ നിർമിച്ചെന്നും ഇവർ ആരോപിച്ചു. 

മുംബൈയിലെ ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായി

'ദി ഗാർഡിയൻ' പത്രത്തിലേതുൾപ്പെടെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരാണ് 'ടീം ജോർജ്' എന്ന് വിളിക്കപ്പെടുന്ന യൂണിറ്റ് അഡ്വാൻസ്ഡ് ഇംപാക്റ്റ് മീഡിയ സൊല്യൂഷൻസ് (എയിംസ്) എന്ന പേരിൽ ഒരു അത്യാധുനിക സോഫ്‌റ്റ്‌വെയർ പാക്കേജ് ഉപയോ​ഗിച്ച് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്ന് റിപ്പോർട്ട് ചെയ്തത്.  

PREV
Read more Articles on
click me!

Recommended Stories

വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം