സ്വത്ത് തർക്കത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരെ വൈഎസ്ആറിന്‍റെ മകനും മുൻ മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിയാണ് ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ചത്
ഹൈദരാബാദ്:ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ കുടുംബത്തിൽ സ്വത്തിനെച്ചൊല്ലി ഭിന്നത രൂക്ഷം. സ്വത്ത് തർക്കത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരെ വൈഎസ്ആറിന്‍റെ മകനും മുൻ മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഢി ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ചു. സഹോദരി വൈ എസ് ശർമിളയ്ക്കും അമ്മ വൈ എസ് വിജയമ്മയ്ക്കും എതിരെയാണ് ജഗൻമോഹന്‍റെ ഹർജി. വൈഎസ്ആർ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഷെയറുകൾ സംബന്ധിച്ചാണ് തർക്കം. ശർമിളക്ക് കമ്പനിയിൽ ഓഹരികൾ നൽകാൻ ഉള്ള ധാരണയിൽ നിന്ന് ജഗൻ പിൻമാറിയിരുന്നു.
ജഗനെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെ ആയിരുന്നു ഈ നീക്കം. ശർമിളക്ക് ഓഹരികൾ നൽകാൻ ഉള്ള ധാരണയിൽ നിന്ന് പിന്മാറുന്നത് നിയമപരമെന്നും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചത് താനും ഭാര്യ വൈ എസ് ഭാരതിയും ആണെന്നും ജഗൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2019-ൽ ഓഹരികൾ നൽകാൻ ഉള്ള പ്രാഥമിക ധാരണ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും അത് 'സഹോദരീ സ്‌നേഹം' കൊണ്ട് മാത്രം ആയിരുന്നെന്നും ജഗൻ പറയുന്നു. ധാരണ അന്തിമരൂപത്തിൽ അംഗീകരിക്കാത്തതിനാൽ അതിന് നിയമപരമായി നിലനിൽപ്പില്ല എന്നും ജഗൻ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കമ്പനികാര്യ ട്രൈബ്യൂണൽ ഹർജി നവംബർ എട്ടിന് പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam