
മലപ്പുറം: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നിയുക്ത എംഎൽഎ ടി.വി ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അച്ചടക്കം പാലിച്ചു നിൽക്കുന്ന പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും മുഖ്യമന്ത്രി കാര്യത്തിൽ നടക്കുന്നത് ജനഹിതത്തിനെതിരായ കാര്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു. അനാവശ്യമായി വീണ്ടും ഒരു തെരഞ്ഞെടുപ്പ് വന്നാൽ ജനങ്ങൾ ഉൾക്കൊള്ളുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഹൈക്കമാൻഡ് ജനഹിതത്തിന് എതിരായ തീരുമാനമെടുക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. വീട്ടിൽ വരുന്നവരെല്ലാം തീരുമാനമായോ എന്ന് ചോദിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിന്റെ അഭിപ്രായം കോൺഗ്രസ് പരിഗണിക്കുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നത് യുഡിഎഫ് വിജയത്തിൻറെ നിറം കെടുത്തിയെന്നും ടിവി ഇബ്രാഹിം വ്യക്തമാക്കി.
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയാണ് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്. രാഹുൽ ഗാന്ധി പ്രധാനമായും ചോദിച്ചറിയുന്നത് സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നത്. ആരാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് ചോദിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam