Latest Videos

മസൂദ് അസർ, ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവർ യുഎപിഎ പ്രകാരം ഇനി ഭീകരർ

By Web TeamFirst Published Sep 4, 2019, 4:45 PM IST
Highlights

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്ന പുതിയ യുഎപിഎ നിയമപ്രകാരമാണ് ഈ മൂന്ന് പേരെയും ഭീകരരായി പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജയ്‍ഷെ മുഹമ്മദ് തലവനുമായ മസൂദ് അസർ, ലഷ്‍കർ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുർ റഹ്മാൻ ലഖ്‍വി, 1993-ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിം എന്നിവരെ കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചു. 

പാർലമെന്‍റ് കഴിഞ്ഞ ജൂലൈയിൽ പാസ്സാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസർക്കാരിന്‍റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചാൽ എൻഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്‍റെ അനുമതി എൻഐഎയ്ക്ക് തേടേണ്ടതില്ല.

അസറിന്‍റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്‍ഷെ മുഹമ്മദ് 2001-ൽ ഇന്ത്യയുടെ പാർലമെന്‍റ് മന്ദിരത്തിൽ ആക്രമണം നടത്തിയത്. അതേ ജയ്‍ഷാണ് ഈ വർഷം ജനുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന്‍റെയും സൂത്രധാരർ. പുൽവാമയിൽ കാർ ഇടിച്ചു കയറ്റി ചാവേർ പൊട്ടിത്തെറിച്ചപ്പോൾ കൊല്ലപ്പെട്ടത് 40 ജവാൻമാരാണ്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎൻ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു. 

1994-ൽ കശ്മീരിനെ അനന്ത് നാഗിൽ നിന്ന് മസൂദ് അസർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ 1999 ഡിസംബറിൽ ഇന്ത്യൻ വിമാനം ഖാണ്ഡഹാറിൽ റാഞ്ചിയ ഭീകരർ പകരം ആവശ്യപ്പെട്ടത് അസർ അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു. അന്ന് ഇന്ത്യൻ സർക്കാരിന് ആ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വന്നു. 

ലഷ്‍കർ ഇ ത്വയ്യിബ നേതാവ് ഹഫീസ് സയ്യീദ് എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. 2008-ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരൻ. ലഷ്‍കറിന്‍റെ പത്ത് ഭീകരർ മുംബൈയുടെ പലഭാഗങ്ങളിലായി 12 ഇടങ്ങളിൽ വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയത് നാല് ദിവസങ്ങളാണ്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ 9 ഭീകരരും ഉൾപ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചു. 300-ലധികം പേർക്ക് അന്ന് പരിക്കേറ്റു. 

സയ്യിദിന്‍റെ നേതൃത്വത്തിലുള്ള സംഘടനകളായ ജമാ - അത്ത് - ഉദ്ദവയടക്കമുള്ളവ ഇന്ത്യ നിരോധിച്ചതാണ്. ഭീകരനായി പ്രഖ്യാപിക്കപ്പെട്ട സാകി-യുർ-റഹ്‍മാൻ ലഖ്‍വി ലഷ്‍കറിന്‍റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ്. 

ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാകിസ്ഥാനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. 1993-ൽ മുംബൈയിൽ നടന്ന സ്ഫോടനപരമ്പരയുടെ സൂത്രധാരൻ ദാവൂദായിരുന്നു. 300-ഓളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ലിസ്റ്റിലുണ്ട് ദാവൂദും. ആഗോള തീവ്രവാദിയായി യുഎൻ സുരക്ഷാ കൗൺസിൽ ദാവൂദിനെയും പ്രഖ്യാപിച്ചിട്ടുമുണ്ട്. 

click me!