പുല്‍വാമ ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് ജയ്ഷെ കമാന്‍ഡര്‍

By Web TeamFirst Published Apr 9, 2019, 3:18 PM IST
Highlights

മുദസിര്‍ ഖാന്‍ ആക്രമണ വിവരം നിസാറിനോട് സംസാരിച്ചെന്നും ആസൂത്രണത്തില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദില്ലി:  പുല്‍വാമ ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന്  ജയ്ഷെ മുഹമ്മദ് കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഞായറാഴ്ച യുഎഇ ഇന്ത്യയ്ക്ക് കൈമാറിയ ജയ്ഷെ കമാന്‍ഡര്‍ നിസാര്‍ അഹമ്മദ് താന്ത്രെയാണ് തനിക്ക് പുല്‍വാമ ആക്രമണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നതായി പറഞ്ഞത്. പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ മുദാസ്സിര്‍ ഖാനാണ് ആക്രമണത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും താന്ത്രെ അറിയിച്ചു. ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ഇതാദ്യമായാണ്  ആക്രമണം സംബന്ധിച്ച് ജെയ്ഷെ മുഹമ്മദ് പ്രതികരിക്കുന്നത്. മുദസിര്‍ ഖാനാണ് ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന സൂചനയാണ് ഈ വെളിപ്പെടുത്തലോടെ പുറത്തുവന്നത്. മുദസിര്‍ ഖാന്‍ ആക്രമണ വിവരം നിസാറിനോട് സംസാരിച്ചെന്നും ആസൂത്രണത്തില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറിയത്. സ്ഫോടനത്തിനാവശ്യമായ വസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ മുദസിര്‍ തന്‍റെ സഹായം തേടിയിരുന്നെന്നും നിസാര്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്ന് നിസാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ജെയ്ഷെ സംഘത്തില്‍ പ്രധാനിയായ ഇയാള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന ആസൂത്രകനായ നിസാര്‍ അഹമ്മദിനെ കഴിഞ്ഞ ആഴ്ചയാണ് യുഎഇ ഇന്ത്യക്ക് കൈമാറിയത്. 

click me!