കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ജല്ലിക്കട്ട് നടത്താൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ

By Web TeamFirst Published Dec 23, 2020, 11:16 AM IST
Highlights

കൊവിഡ് വ്യാപനം തടയാൻ വേണ്ട മുന്നറിയിപ്പുകൾ എടുത്ത ശേഷം മാത്രമേ പരിപാടി നടത്താൻ പാടുള്ളൂ എന്നും സർക്കാർ ഉത്തരവിലുണ്ട്. 

ചെന്നൈ : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്താൻ അനുമതി നൽകിക്കൊണ്ട് തമിഴ്‍നാട് സർക്കാർ ഉത്തരവായി. എന്നാൽ, വളരെ കർശനമായ നിയന്ത്രണങ്ങളോടുകൂടി, കൊവിഡ് വ്യാപനം തടയാൻ വേണ്ട മുന്നറിയിപ്പുകൾ എടുത്ത ശേഷം മാത്രമേ പരിപാടി നടത്താൻ പാടുള്ളൂ എന്നും സർക്കാർ ഉത്തരവിലുണ്ട്. 

300 -ൽ കൂടുതൽ പേർ ഒരു മത്സരത്തിൽ കാളയെ തളയ്ക്കാൻ ഉണ്ടാകരുത്. 'എരുതു വിടും വിഴാ' ചടങ്ങിൽ 150 -ലധികം കർഷകർ പങ്കെടുക്കാൻ പാടില്ല. തുറസ്സായ ഇടങ്ങളിൽ പോലും ഉൾക്കൊള്ളാവുന്നതിന്റെ പാതി പേരെ മാത്രമേ അനുവദിക്കാവൂ. ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ മുഴുവൻ തെർമൽ സ്കാനിങ്ങിനു വിധേയരാകണം. കാള ഉടമകളും തളയ്ക്കാൻ ഇറങ്ങുന്നവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പങ്കെടുക്കുന്നവർ എല്ലാം തന്നെ മാസ്ക് ധരിച്ചിരിക്കണം എന്നിങ്ങനെ പല മാർഗനിർദേശങ്ങളും കൊവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ ജെല്ലിക്കെട്ടിനായി സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

മാട്ടുപ്പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഒരു മത്സരയിനമാണ് ജല്ലിക്കട്ട്. നാലുദിവസം നീണ്ടുനിൽക്കുന്ന വിളവെടുപ്പുത്സവമായ പൊങ്കലിന്റെ മൂന്നാം ദിനത്തിലാണ് കാളകളെ തളയ്ക്കുന്ന ഈ മത്സരം നടക്കാറുള്ളത്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന പേരിൽ ഈ മത്സരം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൃഗസ്നേഹികൾ നൽകിയ പരാതികളുടെ പേരിൽ പലതവണ കോടതികയറിയ ചരിത്രവും ജല്ലിക്കട്ടിനുണ്ട്.

click me!