
ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാമിനെതിരെ ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ദില്ലി പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷർജിൽ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. കൊവിഡ് ബാധിതൻ ആയ ഷർജിൽ ഇമാം നിലവിൽ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുകയാണ്. രോഗം ഭേദമായതിന് ശേഷം ഇയാളെ ദില്ലിയിലേക്ക് കൊണ്ടുവരും.
പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ വച്ച് സംഘർഷമുണ്ടാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷർജീലിന് എതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിൽ ആയ ഷർജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ജനുവരി 16-ന് ഷർജീൽ നടത്തിയ ഒരു പ്രസംഗമാണ് അയാളുടെ പേർക്കുള്ള കേസുകൾക്ക് പ്രധാന ആധാരം.
ആ പ്രസംഗത്തിന്‍റേത് എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഷർജീൽ, 'മുസ്ലിങ്ങൾക്ക് അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിൽ, അത് രാജ്യത്തിന്‍റെ ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി കോറിഡോറിൽ സംഘടിപ്പിച്ച്, നോർത്ത് ഈസ്റ്റ് ഇന്ത്യയെ കുറച്ചു ദിവസത്തേക്കെങ്കിലും കട്ട് ഓഫ് ചെയ്യണം' എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. ദില്ലിയിലെ പൗരത്വപ്രക്ഷോഭങ്ങളുടെ ആസൂത്രകൻ ഷർജീലാണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
മുപ്പത്തൊന്നുകാരനായ ഈ യുവാവ് ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയുവിൽ ചേരുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam