
ശ്രീനഗര്‍ : ഈ വര്‍ഷം അവസാനം ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാൻ പോവുകയാണ്. അതിനൊപ്പം തന്നെ ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനായിരുന്നു സാധ്യത മുഴുവന്‍. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയതോടെ ചിത്രം ആകെ മാറിയിരിക്കുകയാണ്. നേരത്തെ ഒക്ടോബർ 31 ആയിരുന്നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന തീയ്യതി ആയി പ്രഖ്യാപിച്ചത്. എന്നാല്‍ അത് നവംബർ 25 ലേക്ക് കമ്മീഷന്‍ നീട്ടി. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനായിരിക്കും സാധ്യത കൂടുതല്‍. മണ്ഡല പുനർനിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിജെപി ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് ഇപ്പോഴത്തെ മാറ്റമെന്നതാണ് ഏറ്റവും കൗതുകകരം.
ഗുജറാത്തിനൊപ്പം ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി നേതൃത്വം ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന വിലയിരുത്തലുകളും നിലവിലെ സാഹചര്യത്തില്‍ വരുന്നുണ്ട്. മണ്ഡല പുനർ നിർണയത്തിന് പിന്നാലെ വലിയ ആത്മവിശ്വാസം ബിജെപിക്ക് കൈവന്നിരുന്നു. നിയമസഭ സീറ്റുകള്‍ 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തിയാണ് മണ്ഡല പുനര്‍നിര്‍ണയ സമിതി സർക്കാരിന് റിപ്പോർട്ട് നല്‍കിയത്. 37 നിയമസഭ സീറ്റുകളുള്ള ജമ്മുവില്‍ പുനർനിർണയത്തോടെ സീറ്റുകള്‍ നാല്‍പ്പത്തിമൂന്നായി ഉയര്‍ന്നു. കശ്മീരില്‍ ഒരു സീറ്റ് മാത്രമാണ് കൂടിയത്. നാല്‍പ്പത്തിയാറില്‍ നിന്ന് നാല്‍പ്പത്തിയേഴായി. 9 സീറ്റുകള്‍ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഏഴ് സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും വേണ്ടി സംവരണം ചെയ്തുമാണ് സമിതി നിര്‍ദേശം നല്‍കിയത്. ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജപിക്ക് ഗുണകരമാകും വിധമാണെന്നാണ് പ്രതിപക്ഷ ആരോപണം.
തെരഞ്ഞെടുപ്പ് വേഗത്തില്‍ നടക്കുമെന്നത് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികളം ചില ചർച്ചകളൊക്കെ നടത്തുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് പ്രതിപക്ഷം ഒന്നിച്ച് മത്സരിക്കണമെന്ന രീതിയിലായിരുന്നു ചർച്ചകള്‍ ഉയർന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പ്രധാന പാര്‍ട്ടികളായ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം, സിപിഐ അവാമി പാര്‍ട്ടികള്‍ ഗുപ്കർ സഖ്യമെന്ന പേരില്‍ സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് സഖ്യമായി നീട്ടി എല്ലാവരും ഒന്നിച്ച് മത്സരിക്കണമെന്നാണ് പലരുടെയും അഭിപ്രായം. ഇതിലേക്ക് കോണ്‍ഗ്രസ് കൂടി വരണമെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സോണിയഗാന്ധിയെ കാണാന്‍ അടുത്തിടെ പിഡിപി നേതാവ് മെഹബൂബ മുഫ്തി വന്നത് ഇക്കാര്യം ചർച്ച ചെയ്യാന്‍ കൂടിയാണെന്ന അഭ്യൂഹവും അന്ന് ഉണ്ടായിരുന്നു.ർ
ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. ത്രിപുര, മേഘാലയ, നാഗലാന്‍റ്, കർണാടക സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പ് ആടുത്ത വര്‍ഷം ആദ്യം നടക്കും. ഛത്തീസ്ഗഡ് , മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വർഷാവസാനവും നടക്കും. ഇതില്‍ ഏത് ഘട്ടത്തിലാണ് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പെന്നതാണ് കണ്ടറിയേണ്ടത്. 2018 നവംബറില്‍ നിയമസഭ പിരിച്ച് വിട്ടതിന് ശേഷം ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ നടപടി വിലയിരുത്തുന്നത് കൂടിയാകും ഈ തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഫലം ബിജെപിക്കും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണായകമാണ്.
Read More : ആഭ്യന്തര വിമാന യാത്രാ നിരക്ക് ഇനി വിമാന കമ്പനികൾ തീരുമാനിക്കും; നിയന്ത്രണം നീങ്ങുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam