Asianet News MalayalamAsianet News Malayalam

ആഭ്യന്തര വിമാന യാത്രാ നിരക്ക് ഇനി വിമാന കമ്പനികൾ തീരുമാനിക്കും; നിയന്ത്രണം നീങ്ങുന്നു

ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലെ സർക്കാർ ഇടപെടൽ അവസാനിക്കുന്നു. അടുത്ത മാസം മുതൽ ഓരോ റൂട്ടിലേയും നിരക്ക് വിമാന കമ്പനികൾ നിശ്ചയിക്കും

Government removes fare caps on tickets of Domestic flights
Author
Thiruvananthapuram, First Published Aug 10, 2022, 7:29 PM IST

ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികൾ നിശ്ചയിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലുള്ള സർക്കാർ ഇടപെടൽ ഓഗസ്റ്റ് 31 ഓടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. ഇതോടെ ആഭ്യന്തര  സർവീസുകളിൽ ഒരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാന കമ്പനികൾ തന്നെ നിശ്ചയിക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ ഇടപെട്ട് തുടങ്ങിയത്. യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് നിരക്ക് വലിയ തോതിൽ കുറച്ച് മറ്റ് വിമാന കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്നത് തടയാനും അമിത ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് ഒഴിവാക്കാനുമായിരുന്നു കൊവിഡിന് പിന്നാലെ സർക്കാരിന്റെ ഇടപെടൽ. 

എന്നാൽ കൊവിഡിന് ശേഷം ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് ഈ ഇടപെടൽ തിരിച്ചടിയാണെന്നാണ് വിമാന കമ്പനികളുടെ വാദം. നിരക്ക് നിശ്ചയിക്കുന്നതിലുള്ള നിയന്ത്രണം നീക്കിയാൽ ഒരു പരിധി വരെ പിടിച്ചു നിൽക്കാനാകുമെന്നാണ് വിമാന കമ്പനികളുടെ നിലപാട്. നിയന്ത്രണം നീക്കുന്നതോടെ വ്യോമയാന മേഖലയിൽ സ്ഥിരത കൈവരിക്കാനാകുമെന്ന് വ്യോമയാന മന്ത്രി ജ്യോതാരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി. വിമാന ഇന്ധനത്തിന്റെ വിലയും പ്രതിദിന ആവശ്യകതയും വിശകലനം ചെയ്താണ് സർക്കാർ ഈ തീരുമാനത്തിലേക്കെത്തിയതെന്നും സിന്ധ്യ വ്യക്തമാക്കി. 

അതേസമയം നിരക്ക് നിശ്ചയിക്കാനുള്ള പൂ‍ർ‍ണമായ അദികാര വിമാന കമ്പനികൾക്ക് കൈമാറുന്നത് ആഭ്യന്തര യാത്രയുടെ ചെലവ് കൂട്ടുമെന്ന് വിലയിരുത്തലുകൾ ഉയരുന്നുണ്ട്. നിലവിൽ കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നതിന് നിയന്ത്രണം ഉള്ളത് പോലെ തോന്നിയ പോലെ നിരക്ക് കൂട്ടുന്നതിനും നിയന്ത്രണം ഉണ്ട്. ഓഗസ്റ്റ് 31ന് ശേഷം വിമാന കമ്പനികൾ തന്നെ നിരക്ക് നിശ്ചയിക്കുന്ന അവസ്ഥ വരുമ്പോൾ കൊവിഡ് പ്രതിന്ധിയുടെ ഭാരം യാത്രക്കാരിലേക്ക് അടിച്ചേൽപ്പിക്കാൻ വിമാന കമ്പനികൾ മുതിരുമോ എന്നതിലാണ് ആശങ്ക.

Latest Videos
Follow Us:
Download App:
  • android
  • ios