തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും. പൊതുയോ​ഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 5000 പേർക്ക് മാത്രമാണ് അനുമതി.

പുതുച്ചേരി: തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയത്. അതേസമയം, പൊതുയോ​ഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. പൊതുയോ​ഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്. 500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണം. ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ പങ്കെടുക്കരുതെന്നും നിബന്ധനയിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.

YouTube video player