
ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും ആക്രമണം അവസാനിപ്പിക്കണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. രണ്ട് പ്രധാനമന്ത്രിമാരും ഫോണിൽ സംസാരിച്ചാൽ പ്രശ്നം തീരുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. പ്രശ്നങ്ങൾ തീർക്കാൻ രാഷ്ട്രീയപരമായി ഇടപെടണം, സൈനിക ഇടപടലല്ല വേണ്ടതെന്നും വാർത്താ ഏജൻസിയോട് മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ 2 ദിവസമായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം കനക്കുകയാണ്.
അതേസമയം, രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിലെയും, സംവിധാനങ്ങളുടെയും സാഹചര്യം കേന്ദ്രമന്ത്രി ജെപി നദ്ദ വിലയിരുത്തി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ നിലവിലെ സാഹചര്യം വിശദീകരിച്ചു. ദില്ലിയിൽ ആരോഗ്യ മന്ത്രാലയത്തിലാണ് യോഗം ചേർന്നത്. അതിനിടെ, ഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തി. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. 78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ടിട്ടും പിൻമാറാതെ വീണ്ടും ആക്രമണ ഭീഷണി മുഴക്കുകയാണ് പാകfസ്ഥാൻ. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫാണ് അന്താരാഷ്ട്ര മാധ്യമത്തിൽ ഇന്ത്യക്കെതിരായ വെല്ലുവിളിയുമായി രംഗത്തെഎത്തിയത്. അതേസമയം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യയ്ക്കെതിരായ പ്രകോപനം തുടരുമ്പോഴും ആഭ്യന്തരമായി ആടിയുലയുകയാണ് പാകിസ്ഥാൻ ഭരണകൂടം. പ്രധാനമന്ത്രി ഷബഹാസ് ഷെരീഫിനെ രഹസ്യ താവളത്തിലേക്ക് മാറ്റി. സൈനിക മേധാവി അസീം മുനീർ എവിടെയെന്ന് വ്യക്തമല്ല. ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തെന്ന് വിഘടനവാദി സംഘടന ബിഎൽഎ അവകാശപ്പെട്ടു. ഇതിനിടെ ഇമ്രാൻ ഖാനെ ജയിൽ മോചിതൻ ആക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തി
അതേസമയം,, പാകിസ്ഥാന്‍റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം