
ഭോപ്പാൽ: ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഹ്മദാബാദ് - കൊൽക്കത്ത എക്സ്പ്രസിലാണ് സംഭവം. മദ്ധ്യപ്രദേശിലെ സാഗർ റെയിൽവെ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ശുചിമുറിയിൽ ഒരു യാത്രക്കാരൻ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു.
ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചിലെ ശുചിമുറിയിലായിരുന്നു മൃതദേഹം. ട്രെയിൻ ബിന ജംഗ്ഷൻ പിന്നിട് സാഗറിൽ എത്തുന്നതിന് മുമ്പ് ഒരു യാത്രക്കാരൻ ശുചിമുറിയിൽ കയറാൻ ശ്രമിച്ചപ്പോൾ അകത്ത് യുവാവിന്റെ മൃതദേഹം കാണുകയായിരുന്നു. ഇയാൾ ടിടിഇയെ വിവരം അറിയിച്ചു. ടിടിഇയാണ് ട്രെയിൻ മാനേജർക്കും സംസ്ഥാന റെയിൽവെ പൊലീസിനും വിവരം കൈമാറിയത്.
ഉച്ചയ്ക്ക് 2.10ന് ട്രെയിൻ സാഗർ സ്റ്റേഷനിലെത്തിയപ്പോൾ സംസ്ഥാന റെയിൽവെ പൊലീസ്, റെയിൽവെ സംരക്ഷണ സേന എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോച്ചിൽ കയറി പരിശോധിച്ചു. മൃതദേഹം ട്രെയിനിൽ നിന്ന് പുറത്തിറക്കി. ഫോറൻസിക് ഉദ്യോഗസ്ഥരെ ട്രെയിനിൽ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. 30നും 35നും ഇടയിൽ പ്രായമുള്ള യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
മൃതദേഹം പരിശോധിച്ചപ്പോഴും എന്തെങ്കിലും തിരിച്ചറിയൽ രേഖകളോ യാത്ര ചെയ്യാനുള്ള ടിക്കറ്റോ ഇയാളിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി പരിസരത്തെ പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവെ സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറി. സംഭവത്തെ തുടർന്ന് ഒരു മണിക്കൂർ സാഗർ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം