കിഷ്ത്വാർ ദുരന്തത്തിൽ മരണം 60 ആയി; കാണാതായത് തീർത്ഥാടകരടക്കം 100 ലേറെ പേരെ, രക്ഷാപ്രവർത്തനം തുടരുന്നു

Published : Aug 15, 2025, 12:39 PM IST
Jammu Kashmir

Synopsis

കിഷ്ത്വാർ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം രണ്ടാം ദിവസവും തുടരുന്നു.

ദില്ലി : കിഷ്ത്വാർ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു. നിരവധിപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രണ്ടാം ദിവസവും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സ്ഥലത്ത് നിന്നും 100 ലേറെ പേരെ കാണാതായെന്നാണ് ഇതുവരെ ലഭിച്ച വിവരം. 167 പേരെ രക്ഷപ്പെടുത്തി സുരക്ഷാ സ്ഥാനത്തേക്ക് എത്തിച്ചു. ഇവരിൽ 38 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 

ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോഷിതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കുമിടയിലാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയമുണ്ടായത്‌. ജൂലൈ 25 ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്രാ പാതയിലാണ് അപകടമുണ്ടായത്. സിആർപിഎഫ് സൈനികരും തീർത്ഥാടകരുമടക്കം അപകടത്തില്‍പ്പെട്ടു. രണ്ടു സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരുടേത് അടക്കം 46 മൃതദേഹങ്ങൾ ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. 

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കിഷ്ത്വാറിലെ ജില്ലാ ഭരണകൂടം ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കി. പതാക ഉയർത്തുന്നതിലും ദേശീയഗാനം ആലപിക്കുന്നതിലും മാത്രമായി ചടങ്ങ് ഒതുക്കി. മറ്റ് സാംസ്കാരിക പരിപാടികളോ മറ്റ് ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല,

ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കി. ദുരന്തമുണ്ടായ സ്ഥലത്തിന് പുറത്തുള്ള ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. വൈദ്യുതി വിതരണം നിലച്ചതോടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായതിനാൽ മേഘവിസ്ഫോടനമുണ്ടായ മേഖലയ്ക്ക് സമീപമുള്ള രണ്ട് ഗ്രാമങ്ങളിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. കാഴ്ചക്കുറവ് കാരണം ഹെലികോപ്റ്ററുകൾക്ക് രക്ഷാപ്രവർത്തനം നടത്താനായില്ല.

 

 

 

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി