കശ്മീർ സന്ദർശനത്തിനെത്തിയ വിദേശ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ച; കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ്

By Web TeamFirst Published Jan 10, 2020, 1:38 PM IST
Highlights

കശ്മീരിലെ കോൺഗ്രസ് നേതാക്കളായ ഷൊഹൈബ് ലോൺ, ഹിലാൽ ഷാ എന്നിവർക്കാണ് പാർട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.

ദില്ലി: ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ വിദേശ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസയച്ചു. കശ്മീരിലെ കോൺഗ്രസ് നേതാക്കളായ ഷൊഹൈബ് ലോൺ, ഹിലാൽ ഷാ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടിയുടെ അനുമതിയില്ലാതെ പ്രതിനിധികളെ കണ്ടതിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. 

കഴിഞ്ഞ ദിവസം ഇതേ കാരണത്തിന് പിഡിപി അവരുടെ നാല് നേതാക്കളെ പുറത്താക്കിയിരുന്നു. അതേസമയം, ജമ്മുവിലെത്തിയ പ്രതിനിധി സംഘം ഉച്ചയ്ക്ക് ശേഷം ലെഫ്റ്റ്നന്റ് ഗവർണർ ജിസി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്ക ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. പ്രത്യേക പദവി പിന്‍വലിച്ച ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനാണ് സംഘം സന്ദർശനം നടത്തുന്നത്. പ്രതിനിധി സംഘത്തിന്റെ സന്ദർശനം ഇന്ന് അവസാനിക്കും.  

അതേസമയം, കശ്മീരിൽ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്റര്‍നെറ്റ് സേവനം ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

Also Read: കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി

click me!