കശ്മീർ വിഷയം; ചൈനയുടെ നിലപാടിൽ അതൃപ്തിയറിയിച്ച് ഇന്ത്യ

By Web TeamFirst Published Oct 10, 2019, 6:54 AM IST
Highlights

കശ്മീരിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ, ചൈനീസ് പ്രസിഡന്‍റ് ഖാൻ ഷി ചിൻപിങിനെ കണ്ട ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 

ദില്ലി: രണ്ടാമത് ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചക്കോടി നാളെ നടക്കാനിരിക്കെ കശ്മീരിനെക്കുറിച്ചുള്ള ഭിന്നത കല്ലുകടിയാകുന്നു. ജമ്മുകശ്മീർ വിഷയം ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കണം എന്ന് വീണ്ടും ചൈന നിലപാടെടുത്തതിൽ കടുത്ത അതൃപ്തിയുണ്ടെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

കശ്മീരിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ, ചൈനീസ് പ്രസിഡന്‍റ് ഖാൻ ഷി ചിൻപിങിനെ കണ്ട ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ ആരും ഇടപെടേണ്ടെന്ന് ആവർത്തിച്ച് ഇന്നലെ വിദേശകാര്യമന്ത്രാലയം മറുപടി നൽകിയിരുന്നു. 

Read More:ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയം; ആവര്‍ത്തിച്ച് ഇന്ത്യ, മറ്റ് രാജ്യങ്ങള്‍ നിലപാട് പറയേണ്ടതില്ല

ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമാണ്. ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങള്‍ കശ്മീരിനെക്കുറിച്ച് നിലപാട് പറയുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ വിശദീകരണം. അതേസമയം, കശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍ താല്‍പര്യത്തിനെ പിന്തുണക്കുമെന്നും ഷി ചിന്‍പിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

Read more:കശ്മീര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ചൈന; പാക് നിലപാടിനൊപ്പം നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മോദി-ചിൻപിങ് കൂടിക്കാഴ്ച നടക്കുക. നാളെ ഉച്ചയ്ക്കു ശേഷം ചെന്നൈയിലെത്തുന്ന ഷി ചിൻപിങ് 24 മണിക്കൂർ ഇന്ത്യയിലുണ്ടാകും. കശ്മിരിലെ നടപടി ഷി ചിൻപിങ് ഉന്നയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കും. അതിർത്തി തർക്കത്തിൽ വിശദമായ ചർച്ചയുണ്ടാകും. ഭിന്നതകൾക്കിടയിലും പരസ്പര വിശ്വാസം വളർത്താനുള്ള പരമാവധി നടപടികൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി.

Read More:ഇന്ത്യാ-ചൈന ഉച്ചകോടിക്ക് ഔദ്യോഗിക പ്രഖ്യാപനം; അതിർത്തി തർക്കം ചർച്ചയാകുമെന്ന് ചൈന

ആ​ഗസ്റ്റിലാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 സർക്കാർ എടുത്തുകളഞ്ഞത്. തുടർന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കശ്മീരിന്റ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളകാൻ തുടങ്ങിയത്. കശ്മീർ വിഷയത്തിൽ ഇടപ്പെടണമെന്ന് ഇമ്രാൻ ഖാൻ യുഎന്നിനെ സമീപിച്ചിരുന്നുന്നെങ്കിലും ഇരുവരും ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നായിരുന്നു യുഎന്നിന്റെ തീരുമാനം.

കശ്മീർ വിഷയത്തിൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള ഇമ്രാന്‍ ഖാന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നെങ്കിലും ആരുടെയും ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. ചൈന മാത്രമാണ് പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയ ഒരേയൊരു രാജ്യം. 

click me!