ദില്ലി: ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഇന്ത്യ. ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങള്‍ കശ്മീരിനെക്കുറിച്ച് നിലപാട് പറയുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്. ഇമ്രാന്‍-ഷി ജിന്‍പിങ് ചര്‍ച്ചയില്‍ കശ്മീര്‍ പരാമര്‍ശിച്ചതിനോടാണ് ഇന്ത്യയുടെ പ്രതികരണം. 

കശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍ താല്‍പര്യത്തിനെ പിന്തുണക്കുമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഒക്ടോബര്‍ 11 മുതല്‍ 13 വരെ ചൈനീസ് പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. ഓഗസ്റ്റില്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നം രൂക്ഷമാകുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ ചൈന ഇതുവരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ചൈന പറഞ്ഞിരുന്നത്.