
ദില്ലി: ബിഹാറിന്റെ രാഷ്ട്രീയത്തെ ഞെട്ടിച്ച് ജെഡിയു നേതാവിന്റെ വെളിപ്പെടുത്തൽ. നിതീഷ് കുമാറിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒമ്പത് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജെഡിയു നേതാവും എംഎൽഎയുമായ അനന്ത് സിംഗ് വെളിപ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവത്തിൽ കോൺഗ്രസും ആർ.ജെ.ഡിയും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്ത് ഒമ്പത് പേരെ കൊലപ്പെടുത്തിയെന്നാണ് അനന്ത് സിംഗ് പറഞ്ഞത്. മൊകാമ മണ്ഡലത്തിൽ നിന്നുള്ള ജെഡിയു എംഎൽഎയാണ് ഇയാൾ. വിവാദമായതോടെ അദ്ദേഹം പ്രസ്താവന പിൻവലിച്ചു. പട്ന ഗ്രാജുവേറ്റ്സ് എംഎൽസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഭിന്നതകൾക്കിടയിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ജെഡിയു സ്ഥാനാർത്ഥി നീരജ് കുമാറിനെതിരെ പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥിയെയാണ് അനന്ത് സിംഗ് ഇവിടെ പിന്തുണയ്ക്കുന്നത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും വൻ വിവാദമാവുകയും ചെയ്തതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് എന്റെ ഒമ്പത് കൂട്ടാളികൾ കൊല്ലപ്പെടുകയാണ് ഉണ്ടായത്. എനിക്ക് നേരെയും വെടിവെപ്പുണ്ടായി. ഞങ്ങൾ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കിയതിന്റെ പ്രതികാരമായാണ് ലാലുവിന്റെ ആളുകൾ അവരെ കൊലപ്പെടുത്തിയതെന്ന് പിന്നീട് വിശദീകരിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിപക്ഷമായ ആർജെഡി രംഗത്തെത്തി. എൻ.ഡി.എ ഭരണകാലത്ത് ഒമ്പത് കൊലപാതകങ്ങൾ നടത്തിയത് അനന്ത് സിംഗ് പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നിതീഷ് കുമാറിനും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും ആർജെഡി വക്താവ് ശക്തി സിംഗ് യാദവ് ആരോപിച്ചു. അനന്ത് സിംഗിനെ തള്ളി ജെഡിയു രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam