
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ ഡി അറസ്റ്റ് ചെയ്തു. ക്രമക്കേടിൽ അന്വേഷണം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 22 നായിരുന്നു ഇദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെച്ചത്. കേസുമായി ബന്ധപ്പെട്ട് കമ്മീഷനിലെ മറ്റ് മൂന്ന് അംഗങ്ങൾ കൂടി ഇന്നലെ രാജിവെച്ചിരുന്നു. അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് മുൻ ചെയർമാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഖിയാങ്‌ടെയെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം ജെ പി എസ് സിപരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധം അതിശക്തമാകുകയാണ്. നിയമ സഭയിലേക്ക് ഇന്ന് വിദ്യാർഥികൾ നടത്തിയ മാർച്ചില്‍ വലിയ തോതിൽ സംഘര്‍ഷം ഉണ്ടായിരുന്നു. നിരോധനാജ്ഞ മറികടന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ബി ജെ പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ സർക്കാരുമായി നടത്തിയ 5 മണിക്കൂർ നീണ്ട മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് രാവിലെ നിയമസഭ മന്ദിരത്തിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പഴയ നിയമ സഭ മന്ദിരത്തില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പ്രതിഷേധം മുഴക്കി. ബാരിക്കേഡുകള്‍ മറികടന്നെത്തിയ മാർച്ച് പൊലീസ് തടഞ്ഞു. നിയമസഭ മന്ദിരത്തിന് കിലോമീറ്ററുകൾക്കിപ്പുറം മാർച്ച് തടഞ്ഞ പൊലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ കുത്തിയിരുന്ന പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മാറാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ജെ പി എസ് സി പരീക്ഷക്ക് പിന്നിലെ സാമ്പത്തിക ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇന്നലെ നടത്തിയ ചർച്ചയിൽ ജാർഖണ്ഡ് പബ്ലിക് സർവിസ് കമ്മീഷന്റെ 2023, 2025 വർഷങ്ങളിലെ പരീക്ഷകളും 14 -ാം പ്രിലിമിനറി പരീക്ഷയും റദ്ദാക്കാമെന്നതായിരുന്നു സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ സി ജി എൽ പരീക്ഷയിലും മറ്റ് ജെ എസ് എസ് സി പരീക്ഷകളിലും നടന്ന ക്രമക്കേടുകളിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ച് നിന്നതോടെയാണ് ഇന്നലത്തെ ചർച്ച സമവായത്തിൽ എത്താതെ പിരിഞ്ഞത്. ജെ പി എസ് സി പിരിച്ചുവിട്ടത് വിജയമായി വിലയിരുന്നുണ്ടെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam