
ഗാന്ധിനഗര്‍: അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയതി എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാം എന്ന സാഹചര്യത്തിലൂടെയാണ് ഗുജറാത്ത് കടന്ന് പോകുന്നത്. ഭരണ കക്ഷിയായ ബി ജെ പിയും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും അത്ഭുതം കാട്ടുമെന്ന പ്രതീക്ഷയിലെത്തുന്ന എ എ പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പോർവിളിയുമായി സജീവമായിട്ടുണ്ട്. വീറും വാശിയും ഏറുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബി ജെ പി അധികാരം നിലനിർത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ അഭിപ്രായ സർവെയിൽ കണ്ടെത്തിയത്.
ഒരോ മണ്ഡലത്തിലെ ജയ വിജയ സാധ്യതകള്‍ അടക്കമാണ് ഏഷ്യാനെറ്റ് ന്യൂസ് വിശദമായി തന്നെ സര്‍വേയില്‍ പരിശോധിച്ചിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. അതേസമയം ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും 28 മുതൽ 37 വരെ സീറ്റും. ആംആദ്മി പാര്‍ട്ടിക്ക് 5 മുതൽ 14 വരെ സീറ്റുകൾ നേടാനാകും എന്നാണ് പറയുന്നത്.
ഒരോ സീറ്റിലെ ഫലങ്ങള്‍ അറിയുമ്പോളും ശ്രദ്ധേയമായ സീറ്റുകള്‍ ഉണ്ട്. കോണ്‍ഗ്രസിനൊപ്പം 2017 ല്‍ മത്സരിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ സീറ്റാണ് ഇതില്‍ ഒരു പ്രധാന ശ്രദ്ധ കേന്ദ്രം. വദ്ഗം മണ്ഡലത്തില്‍ നിന്നാണ് ജിഗ്നേഷ് കഴിഞ്ഞ തവണ ജയിച്ച് ഗുജറാത്ത് നിയമസഭയില്‍ എത്തിയത്. ബനസ്കന്ത ജില്ലയിലാണ് ഈ മണ്ഡലം. നോര്‍ത്ത് ഗുജറാത്തിലെ ഈ മണ്ഡലത്തില്‍ 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര്യനായി മത്സരിച്ചാണ് ജിഗ്നേഷ് വിജയിച്ചത്.
ഇത്തവണയും ജിഗ്നേഷ് മേവാനി മത്സര രംഗത്ത് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധത്തില്‍ തന്നെയാണ് ജിഗ്നേഷ് ഇപ്പോഴും. നേരത്തെ ജിഗ്നേഷിനൊപ്പം ഗുജറാത്ത് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന മറ്റ് ബഹുജന നേതാക്കളായ ഹാര്‍ദ്ദിക് പട്ടേലും, അല്‍പേഷ് താക്കൂറും ഒക്കെ കോണ്‍ഗ്രസ് വിട്ടെങ്കിലും ജിഗ്നേഷ് ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം തന്നെയാണ്. അതിനാല്‍ വദ്ഗത്തില്‍ ഒരു തവണകൂടി മാവേനി രംഗത്ത് എത്തിയേക്കും.
അതേ സമയം ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ അഭിപ്രായ സർവെയിൽ വദ്ഗത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം ഉണ്ടെന്നാണ് പറയുന്നത്. അതായത് ഒരിക്കല്‍ കൂടി ഗുജറാത്ത് നിയമസഭയില്‍ എത്താന്‍ മേവാനിക്ക് സാധിച്ചേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ വോട്ടർ അഭിപ്രായ സർവെ കണക്കുകള്‍ പറയുന്നു.
കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയോ?; ഗുജറാത്തിലെ അഭിപ്രായ സര്‍വേ പറയുന്നത്