
ദില്ലി: ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാർക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചർച്ചയ്ക്കിടെ പ്രതിപക്ഷം ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ കടുത്ത നിരസത്തോടെയാണ് മന്ത്രി ജിതേന്ദ്ര സിംഗ് വിമർശിച്ചത്. സർക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിർപ്പ് കാണിക്കാം, പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിർപ്പെന്ന് ജിതേന്ദ്ര സിംഗ് ചോദിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ആദരിച്ച് ലോക്സഭ. ശുഭാംശു ശുക്ലയുടെ യാത്ര രാജ്യത്തിന് പ്രചോദനമെന്ന് സ്പീക്കര്‍ ലോക്സഭയിൽ പറഞ്ഞു. ഭാരതത്തിന് ഏറെ അഭിമാനകരമായ നിമിഷമാണിത്. ശുഭാംശുവിന്‍റെ യാത്ര 140 കോടി ഇന്ത്യക്കാർക്ക് അഭിമാനവും പ്രചോദനമാണെന്നും ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ശക്തിയും വളർച്ചയും ലോകം കണ്ടുവന്നും സ്പീക്കർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തിന് അഭിമാനകരമായി നിമിഷത്തിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നതിൽ വലിയ പ്രയാസമുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിർപ്പ് കാണിക്കാം. പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിർപ്പ്. ഭൂമിയോടും ആകാശത്തിനോടും ബഹിരാകാശത്തിനോടും പ്രതിപക്ഷത്തിന് ഇപ്പോൾ എതിർപ്പാണോ എന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന്റെ നിരാശയിൽ നിന്നാണ് ഇപ്പോൾ ഈ പ്രതിഷേധം ഉയരുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ജിതേന്ദ്ര സിംഗിന്‍റെ വിമർശനത്തിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
വികസിത ഭാരതത്തിലേക്കുള്ള യാത്ര മുന്നോട്ട് തന്നെയായിരിക്കും അതിനെ ആർക്കും തടയാൻ ആകില്ല. പ്രധാനമന്ത്രിയുടെ ധൈര്യത്തെയും ദീർഘവീക്ഷണത്തെയും ആർക്കും തകർക്കാൻ കഴിയില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലും ബഹിരാകാശ സാങ്കേതികവിദ്യകൾ പ്രയോഗിച്ചു. കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വളർച്ചയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ മേഖലയിൽ പുതിയ ഉണർവുണ്ടായി. ബഹിരാകാശ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിച്ചു. ലോകോത്തര നിലവാരത്തിലുള്ള സ്റ്റാർട്ടപ്പുകൾ മേഖലയിൽ വന്നു. വിവിധ മേഖലകളിൽ ഇന്ത്യ ബഹിരാകാശ സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രതിരോധ മേഖലയിലുള്ള ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗം ശത്രു രാജ്യത്തിന്റെ മണ്ണിൽ പ്രയോഗിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam