
ദില്ലി: മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയ്ക്കും എൻസിപിക്കും പിന്നാലെ ഇന്ത്യ സഖ്യത്തിലെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യും മറുകണ്ടം ചാടിയേക്കും. ബില്ലിനെ എതിർക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി എംപി നളിൻ സോറൻ പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറൻ പറയുന്നത് കേൾക്കും. ഇതുവരെ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ നളിൻ സോറൻ, ബില്ല് വരട്ടെയെന്നും അപ്പോൾ നോക്കാമെന്നും അറിയിച്ചു. ഇന്നലെ നടന്ന ഇന്ത്യ സഖ്യ യോഗത്തിൽ ജെഎംഎം പ്രതിനിധി ഓൺലൈനായി പങ്കെടുത്തിരുന്നു. രാജ്യസഭയിലും ലോക്സഭയിലുമായി ജെഎംഎമ്മിന് മൂന്ന് എംപിമാർ വീതമാണ് ഉള്ളത്.
അതേസമയം മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യ നേതാക്കൾ ചെന്നൈയിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, എം എ ബേബി തുടങ്ങിയവരാണ് ചെന്നൈയിൽ എത്തിയത്. ചെന്നൈയിലെ ഹോട്ടലിൽ തുടരുന്ന നേതാക്കൾ, വൈകുന്നേരം നാല് മണിക്ക് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തിരുത്തണമെന്നും ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്നുമാകും നേതാക്കൾ സ്റ്റാലിനോട് ആവശ്യപ്പെടുക.
ഇന്ത്യ സഖ്യ നേതാവായ അഖിലേഷ് യാദവ് സ്റ്റാലിനുമായി സംസാരിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് 'സഹോദരൻ' എന്ന് വിശേഷിപ്പിച്ച് മറുപടി നൽകിയ സ്റ്റാലിൻ, തമിഴ്നാടിൻ്റെ താൽപര്യം ഉയർത്തിപ്പിടിച്ചാണ് തീരുമാനമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തങ്ങൾ വഞ്ചകരല്ലെന്ന് തിരിച്ചറിയുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുംബൈയിൽ എത്തി ശരദ് പവാറിനെ കാണുന്ന നേതാക്കൾ ബില്ലിനെ എതിർക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും.
അതിനിടെ, എംപിമാർ മറുകണ്ടം ചാടാതിരിക്കാൻ പ്രധാന പാർട്ടികൾ വിപ്പ് നൽകിത്തുടങ്ങി. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ സഭയിലുണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയത്. വിദേശത്തുള്ള എംപിമാർ എത്രയും വേഗം തിരിച്ചെത്തണമെന്നും പാർട്ടി നിർദേശിച്ചിരുന്നു. സമാജ്‍വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ ഇന്ത്യ സഖ്യ പാർട്ടികളും എംപിമാർക്ക് വിപ്പ് നൽകി. പാർട്ടി വിട്ട 20 എംപിമാർക്ക് വോട്ടവകാശം നൽകരുതെന്ന ആവശ്യം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സ്പീക്കർക്ക് കത്ത് നൽകി. എംപിമാരുടെ അയോഗ്യത സംബന്ധിച്ച പരാതി സ്പീക്കറുടെ പരിഗണനയിലാണെന്നും അക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കാത്ത പക്ഷം വോട്ടവകാശം നൽകരുതെന്നുമാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam