പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിനും സാമൂഹിക മാധ്യമ പോസ്റ്റിലൂടെ നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി. ബില്ലിന് പിന്തുണ നൽകുന്നത് തമിഴ്നാടിന്റെ താത്പര്യം ഉയർത്തിപ്പിടിച്ചാണെന്നാണ് സ്റ്റാലിൻ രാഹുൽ ​ഗാന്ധിക്ക് എക്സിലൂടെ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ നൽകുമെന്ന നിലപാടിൽ ഉറച്ച് ഡിഎംകെ. വിഷയത്തിൽ മനംമാറ്റമില്ലെന്നാണ് ഡിഎംകെ നേതാക്കൾ നൽകുന്ന സൂചന. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം കനിമൊഴി ഇന്ത്യാസഖ്യം നേതാക്കളുമായുള്ള ചർച്ചയിൽ വിശദീകരിക്കുമെന്നും ഡിഎംകെ നേതാക്കൾ പറയുന്നു.

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ നൽകുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർഎസ് ഭാരതി വ്യക്തമാക്കി. പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിനും സാമൂഹിക മാധ്യമ പോസ്റ്റിലൂടെ നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി. ബില്ലിന് പിന്തുണ നൽകുന്നത് തമിഴ്നാടിന്റെ താത്പര്യം ഉയർത്തിപ്പിടിച്ചാണെന്നാണ് സ്റ്റാലിൻ രാഹുൽ ​ഗാന്ധിക്ക് എക്സിലൂടെ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തങ്ങൾ എല്ലായ്പ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ഈ പാതയിൽനിന്ന് പിന്നോട്ടില്ല. ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ചരിത്രം തങ്ങളെ ഒറ്റുകാരായിട്ടല്ല, മറിച്ച് കട്ടബൊമ്മന്മാരായിട്ടാകും വിലയിരുത്തകയെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.

നേരത്തേ മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കണമെന്ന് അഭ്യർഥിച്ച് എംകെ സ്റ്റാലിനെ കാണാൻ പോവുകയാണെന്ന് രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചിരുന്നു. ഇന്ത്യാസഖ്യത്തിലെ മുതിർന്ന നേതാക്കളും താനും സ്റ്റാലിനെ കാണാനായി ചെന്നൈയിലേക്ക് പോവുകയാണ്. ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിന് അന്ത്യംകുറിക്കും. ഇത് ബിജെപിക്കും ആർഎസ്എസിനും അവർക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഭൂപടം പുനർനിർമിക്കാൻ അവസരം നൽകും. തമിഴ് വിരുദ്ധ ശക്തികൾക്കെതിരേ എന്നും പാറ പോലെ ഉറച്ചുനിന്ന വ്യക്തിയാണ് സഹോദരനായ സ്റ്റാലിൻ. തമിഴ്നാടിന്റെയും രാജ്യത്തിന്റെയും താത്പര്യത്തിനായും ഭരണഘടന സംരക്ഷിക്കാനും നമ്മൾ ഒരുമിച്ച് ഈ ബില്ലിനെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചിരുന്നു.

രാഹുൽ ​ഗാന്ധിയുടെ എക്സ് പോസ്റ്റിന് പിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന സൂചനയുമായി സ്റ്റാലിൻ രം​ഗത്തെത്തിയത്. ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച ചരിത്രപരമായ പങ്കിനെ അം​ഗീകരിച്ചതിന് രാഹുലിനോട് നന്ദിയുണ്ടെന്നും പരിഹാസത്തോടെ സ്റ്റാലിൻ എക്സിൽ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തങ്ങളുടെ തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയും നൽകിയത്.

അതിനിടെ, ഇന്ത്യാസഖ്യ നേതാക്കളുടെ സന്ദർശനം മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ഡിഎംകെ നേതൃത്വം പറയുന്നത്. നേതാക്കൾ വീട്ടിൽ വന്നാൽ സ്വീകരിക്കും. കോൺ​ഗ്രസ് ടിവികെയ്ക്ക് നൽകുന്ന പിന്തുണ പിൻവലിക്കാൻ സ്റ്റാലിൻ ആവശ്യപ്പെടില്ല. അനുനയ ശ്രമം ഏറെ വൈകിപ്പോയെന്നും ഡിഎംകെ നേതാക്കൾ പറയുന്നു.

മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് മുതിർന്ന കോൺ​ഗ്രസ്-ഇന്ത്യാസഖ്യ നേതാക്കൾ ഞായറാഴ്ച അടിയന്തരമായി ചെന്നൈയിലെത്തി സ്റ്റാലിനെ കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ആദ്യവിമാനത്തിൽ സോണിയ ​ഗാന്ധി, മമതാ ബാനർജി, മല്ലികാർജുൻ ഖർ​ഗെ തുടങ്ങിയവർ ചെന്നൈയിലെത്തും. രാഹുൽ ​ഗാന്ധി, കെ സി വേണു​ഗോപാൽ, രേവന്ത് റെ‍ഡ്ഡി, വി ഡി സതീശൻ, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവർ പിന്നാലെ മറ്റൊരു വിമാനത്തിലും ചെന്നൈയിലെത്തും. അതിനിടെ, ഡിഎംകെ നേതാവ് കനിമൊഴിയും ദില്ലിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതിൽ കനിമൊഴിയാകും ഇന്ത്യാസഖ്യ നേതാക്കൾക്ക് വിശദീകരണം നൽകുകയെന്നാണ് സൂചന.

തമിഴ്നാട്ടിൽ കോൺ​ഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന വികാരം ഡിഎംകെയ്ക്കുള്ളിൽ ശക്തമാണ്. പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിനടക്കം കോൺ​ഗ്രസിനോട് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡിഎംകെയിലെ യുവനേതൃത്വത്തിനും കോൺ​ഗ്രസിനോട് എതിർപ്പുണ്ട്. കോൺ​ഗ്രസ് തന്നെയാണ് അവസരങ്ങൾ ഇല്ലാതാക്കിയത്. കാവ്യ മാരൻ-അനിരുദ്ധ് വിവാഹത്തിന് ക്ഷണിച്ചിട്ട് പോലും പ്രധാന കോൺ​ഗ്രസ് നേതാക്കൾ എത്തിയില്ല. ആശയവിനിമയത്തിനുള്ള വഴികളെല്ലാം അടച്ചത് കോൺ​ഗ്രസ് നേതാക്കളാണ്. എംപിമാരെ ആവശ്യമുള്ളപ്പോൾ മാത്രം സ്റ്റാലിനെ ഓർക്കുന്നതിൽ അർഥമില്ലെന്നും ഡിഎംകെ നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ കോൺ​ഗ്രസുമായി ഒത്തുതീർപ്പുണ്ടാകുമോ എന്നത് സംശയമാണ്. എന്നാൽ, അനുനയ ചർച്ചകൾക്കൊടുവിൽ സ്റ്റാലിൻ നിലപാടിൽ മാറ്റംവരുത്തിൽ അത് വലിയ അത്ഭുതവുമാകും.