
ദില്ലി: ഈമാസം അഞ്ചിന് ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമം ആസൂത്രിതമെന്ന് കോൺഗ്രസ് വസ്തുത അന്വേഷണ സമിതി റിപ്പോർട്ട്. അക്രമത്തിൽ ജെഎൻയുവിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജൻസി, വൈസ് ചാൻസലർ, ദില്ലി പൊലീസ്, ഹോസ്റ്റൽ വാർഡൻ എന്നിവർക്ക് പങ്കുള്ളതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. അതേസമയം എസ്എഫ്ഐ പ്രവർത്തകരും ആക്രമണത്തിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ ആരോപിക്കുന്നു.
കാമ്പസിൽ കടന്നത് ആയുധധാരികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർകളെ തെരഞ്ഞുപിടിച്ചു മർദിക്കാൻ ഹോസ്റ്റൽ വാർഡന്മാർ ഒത്താശ ചെയ്തുകൊടുത്തു. സമരം നേരിടുന്നതിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാറിനും വീഴ്ച പറ്റി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
അക്രമത്തിന്റെ പശ്ചാത്തലത്തിൽ ജെഎൻയു വിസിയെ സ്ഥാനത്ത് നിന്ന് നീക്കണം. അതേസമയം എസ്എഫ്ഐയും ആക്രമണ പരമ്പരയിൽ പങ്കെടുത്തതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പത്ത് മണിക്കൂർ കാമ്പസിൽ തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. തെളിവെടുപ്പ് ദൃശ്യങ്ങൾ പൂർണമായും കാമറയിൽ പകർത്തി.
മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ സുസ്മിത ദേവ്, രാജ്യസഭ എംപിയും ജെഎൻയു പൂർവ വിദ്യാർഥിയുമായ നസീർ ഹുസൈൻ, അമൃത ധവാൻ, ഹൈബി ഈഡൻ എംപി എന്നിവരാണ് സമിതി അംഗങ്ങൾ. റിപ്പോർട്ട് സോണിയ ഗാന്ധിക്കും കെസി വേണുഗോപാലിനും കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam