ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ജെഎന്‍യു; നാളെ എംഎച്ച്ആർഡി ആസ്ഥാനത്തേക്ക് മാര്‍ച്ച്

By Web TeamFirst Published Jan 5, 2020, 12:48 PM IST
Highlights

ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ദില്ലി: ഹോസ്റ്റൽ ഫീസ് വർധനവിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം കടുപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പെട്ട് നാളെ എംഎച്ച്ആർഡി ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും. വിസി രാജി വെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടും. നാളെ രാവിലെ 10 മണിക്ക് ശാസ്ത്രി ഭവന്‍ ഉപരോധിക്കും. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ശൈത്യക്കാല സെമസ്റ്ററുകൾക്കുള്ള വിദ്യാർത്ഥി രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കാനാണ് വിദ്യാർത്ഥി യൂണിയൻ തീരുമാനം. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്.

ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സര്‍വ്വകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി. ഇതോടെ മൺസൂൺ സെമസ്റ്റ‌ർ പരീക്ഷകൾ നടത്താനായില്ല. പരീക്ഷകൾ നടത്താൻ കഴിയാതെ വന്നതോടെ ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള രജിസ്ട്രേഷൻ നടത്താനാണ് സർവ്വകലാശാലയുടെ തീരുമാനം. എന്നാൽ, ഇത് ബഹിഷ്ക്കരിക്കാനാണ് യൂണിയൻ തീരുമാനം. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

നേരത്തേ പുതുക്കിയ ഐഎച്ച്എ മാനുവൽ പ്രകാരം യൂട്ടിലിറ്റി ഫീസ് ഒഴിവാക്കി ജെഎൻയു അധികൃതർ സർക്കുലർ പുറത്തിറക്കിയിരുന്നു. പുതുക്കിയ സർക്കുലർ പ്രകാരം സിംഗിള്‍ മുറിക്ക് മാസം തോറും 600 രൂപയും ഡബിൾ മുറിക്ക് 300 രൂപയുമാണ്. മറ്റ് നിരക്കുകൾക്ക് പുറമെയാണിത്. സാമ്പത്തിക പ്രതിസന്ധി കാരണം നിരക്ക് കൂട്ടാതെ പറ്റില്ലെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.

click me!