ജെഎൻയു ക്യാംപസിൽ വിദ്യാര്‍ത്ഥികൾക്ക് പിന്തുണയുമായി ഹൈബി ഈഡൻ എംപി

By Web TeamFirst Published Nov 19, 2019, 7:17 PM IST
Highlights
  • ക്യാംപസിൽ നേരിട്ടെത്തിയ അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിക്കുകയും അവ‍ര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
  • അതേസമയം സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികൾക്കെതിരെ വീണ്ടും കേസെടുത്തിരിക്കുകയാണ് ദില്ലി പൊലീസ്

ദില്ലി: ഫീസ് വര്‍ധനവടക്കമുള്ള കാര്യങ്ങളിൽ ജെഎൻയു വിദ്യാര്‍ത്ഥികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഹൈബി ഈഡൻ എം പിയും. ക്യാംപസിൽ നേരിട്ടെത്തിയ അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിക്കുകയും അവ‍ര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികൾക്കെതിരെ വീണ്ടും കേസെടുത്തിരിക്കുകയാണ് ദില്ലി പൊലീസ്. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ദില്ലിയിലെ ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തിരിക്കുന്നത്. 

വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെഎന്‍യുവിലെ അധ്യാപക സംഘടനയും ഇന്ന് രംഗത്ത് വന്നു.  ക്യാംപസിൽ അധ്യാപക സംഘടന പ്രതിഷേധിച്ചു. മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാ‍ർത്ഥികളെ ഇന്നലെ പൊലീസ് അടിച്ചോടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്‍റെ അതിക്രമം.

അന്ധവിദ്യാ‍ർത്ഥികൾ അടക്കം നിരവധി വിദ്യാ‍ർത്ഥികൾക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റത്. ജെഎൻയു വിദ്യാർത്ഥി യൂണിയനെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്‍റെ അപ്രതീക്ഷത നീക്കം. വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആർപിഎഫും വിദ്യാ‍ർത്ഥികളെ തല്ലി.  ഇതോടെ മണിക്കൂറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാർ‍ത്ഥികൾ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു.

click me!