ഗൗതം ഗംഭീറിന് പിന്നാലെ കെജ്രിവാളിനെയും 'കാണ്മാനില്ലെന്ന്' പോസ്റ്റർ; പ്രതിഷേധം

By Web TeamFirst Published Nov 19, 2019, 6:25 PM IST
Highlights

'ദില്ലിയിലെ ജല ബോര്‍ഡ് പ്രസി‍ഡന്റ് അരവിന്ദ് കെജ്രിവാളിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?' എന്നാണ് പോസ്റ്ററിലെ വാചകം. തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന കെജ്രിവാളിന്റെ ചിത്രവും ഒപ്പമുണ്ട്.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാണ്മാനില്ലെന്ന് പോസ്റ്ററുകൾ. ബിജെപി യുവ മോര്‍ച്ചാ നേതാവ് സതീഷ് ഉപാദ്യായ ആണ് പ്രതിഷേധ പോസ്റ്ററുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

'ദില്ലിയിലെ ജല ബോര്‍ഡ് പ്രസി‍ഡന്റ് അരവിന്ദ് കെജ്രിവാളിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?' എന്നാണ് പോസ്റ്ററിലെ വാചകം. തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന കെജ്രിവാളിന്റെ ചിത്രവും ഒപ്പമുണ്ട്. വെള്ളത്തിന്റെ ​ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യത്തെ ഇരുപത് സിറ്റികളിൽ നിന്ന് സാംപിളുകൾ പരിശോധിച്ചതിൽ ദില്ലിയിലെ വെള്ളം ​കുടിക്കാൻ യോ​ഗ്യമല്ലെന്ന് കണ്ടെത്തിയെന്നും പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. 

രാജ്യത്തെ ഇരുപത് സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പിലൂടെ ലഭിക്കുന്ന ജലം കുടിക്കാനുള്ള നിലവാരമില്ലാത്തവയാണെന്ന്  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു.  മന്ത്രി റാം വിലാസ് പസ്വാൻ ആണ് റിപ്പോർട്ട്  പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി കെജ്രിവാളിനെ കാണ്മാനില്ലെന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ദില്ലിയിൽ നിന്നെടുത്ത പതിനൊന്ന് സംപിളുകളും ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് 'ഗൗതം ഗംഭീറിനെ കാണുന്നില്ല' എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഇദ്ദേഹത്തെ കണ്ടവരുണ്ടോ? അവസാനമായി കണ്ടത് ഇന്‍ഡോറില്‍ ഇരുന്ന് ജിലേബി കഴിക്കുന്നതായിട്ടാണ്. ദില്ലി മുഴുവനും ഇദ്ദേഹത്തെ തെരയുകയാണ്'എന്ന തരത്തിലാണ് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത്. 

Read Also: 'ഗൗതം ഗംഭീര്‍ എംപിയെ കണ്ടവരുണ്ടോ?' ദില്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

click me!