ദില്ലി: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയിൽ അതൃപ്തിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവർത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവർത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ദില്ലിയിൽ പറഞ്ഞു.
മാവോയിസ്റ്റുകളെന്ന് ആരോപിച്ച് കേരളാ പൊലീസ് അലൻ, താഹ എന്നീ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവർക്ക് എതിരെയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ താമരശ്ശേരിയിൽ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുളള സമാപന സമ്മേളനത്തിൽ വച്ച് പി മോഹനന്‍റെ വിവാദപ്രസ്താവന. ഇത് ഏറ്റുപിടിക്കുകയാണ് ബിജെപിയും ഹിന്ദു സംഘടനകളും. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട് രണ്ട് പേർ അറസ്റ്റിലായതിന്‍റെ പഴി മറ്റുള്ളവർക്ക് മേൽ ചാർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് തിരിച്ചടിച്ചു.
പി മോഹനൻ പറഞ്ഞതെന്ത്?
''മാവോയിസ്റ്റുകൾക്ക് വെള്ളം വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ്. പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനം'', എന്നായിരുന്നു പി മോഹനന്‍റെ പ്രസംഗം. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്‍റെ വിമര്‍ശനം. ഇനി ഇന്ത്യയില്‍ ഇസ്ളാമിക വിപ്ളവത്തിന്‍റെ കാലമാണെന്ന ഗണപതിയുടെ പ്രസ്താവന ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവെന്ന് മോഹനന്‍ ആരോപിച്ചു.
നേരത്തെ, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും മഞ്ചക്കണ്ടി വനത്തില്‍ നാലു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെതിരെയും സോളിഡാരിറ്റി അടക്കമുളള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമവും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. ഈ വിമര്‍ശനങ്ങള്‍ക്കുളള മറുപടിയും ഒപ്പം അലനും താഹയ്ക്കുമെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി സംബന്ധിച്ച നിലപാടുമാണ് മോഹനന്‍ വ്യക്തമാക്കിയത്.
അലനെയും താഹയെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഈ നടപടി പരസ്യമാക്കിയിട്ടില്ല. മോഹനന്‍റെ പ്രസ്താവനെയെ പിന്തുണച്ച് ഡിവൈഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.
എന്നാൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനമുയർത്തുകയായിരുന്നു യുഎപിഎ ചുമത്തിയ വിഷയം വഴി തിരിച്ചുവിടാനാണ് സിപിഎം ശ്രമമെന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. ടി പി ചന്ദ്രശേഖരനെ വധിക്കാൻ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച വാഹനം ഉപയോഗിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിന് സമാനമാണ് ഇപ്പോഴത്തെ പ്രസ്താവനയെന്നും ലീഗ് ആരോപിച്ചു.
എന്നാൽ, ബിജെപി പി മോഹനന്റെ പ്രസ്താവന ഏറ്റുപിടിച്ചു. മാവോയിസ്റ്റുകൾക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന പി മോഹനന്റെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. തീവ്ര മുസ്ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സമഗ്ര അന്വേഷണം ഈ വിഷയത്തിൽ ആവശ്യമാണെന്നും കുമ്മനം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam