വിദ്യാർത്ഥികളുടെ പാർലമെന്‍റ് മാർച്ച് തുടരുന്നു; ജെഎൻയുവിൽ സംഘർഷാവസ്ഥ

By Web TeamFirst Published Nov 18, 2019, 5:09 PM IST
Highlights

വിദ്യാർത്ഥികളുടെ മാർച്ച് പ്രധാനഗേറ്റിൽ പൊലീസ് തടഞ്ഞു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളും. യൂണിയൻ നേതാവ് ഐഷ് ഘോഷടക്കം 60 ലേറെ പേർ പൊലീസ് കസ്റ്റഡിയിൽ.

ദില്ലി: ഹോസ്റ്റൽ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് തുടരുന്നു. പൊലീസുമായുള്ള സംഘർഷത്തിന് ശേഷം പല വഴികളിലേക്ക് പിരിഞ്ഞ വിദ്യാർത്ഥികൾ പ്രധാന പാതയിൽ നിന്നും വീണ്ടും പുനരാരംഭിച്ചു. നിലവിൽ സഫ്ദർ ജംഗ് ശവകുടീരത്തിന് മുൻപിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കാതെ മാർച്ച് അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

പൊലീസ് പ്രഖ്യാപിച്ച നിരോധാജ്ഞ ലംഘിച്ച വിദ്യാർത്ഥികൾ പ്രധാന ഗേറ്റിലെ ബാരിക്കേഡുകൾ തകർത്ത പുറത്ത് ഇറങ്ങി. പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളും വിദ്യാർത്ഥികൾ തകർത്തതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐയിഷെ ഘോഷ് അടക്കമുള്ള 60 തിലധികം വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്.

Delhi: Security deployed outside Jawaharlal Nehru University (JNU); Jawaharlal Nehru University Students' Union to march to Parliament today demanding complete roll back of fee hike pic.twitter.com/n9ESBZ5HtZ

— ANI (@ANI)

ദില്ലിയിലെ  സഫ്ദർജംഗ് ടോംബിന് മുന്നിൽ ജാഥ പൊലീസ് വീണ്ടും തടഞ്ഞു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിനിടെ, ഫീസ് വർധനവ് പിൻവലിക്കുന്നത് അടക്കമുള്ള വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര മാനവിഭവ ശേഷം മന്ത്രാലയം ഉന്നധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.

ഭാഗികമായി റദ്ദാക്കിയ ഫീസ് വർധന പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. അതേസമയം, വിവിധ ഇനങ്ങളിൽ സർവ്വീസ് ചാർജായി ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചില്ല. 

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്.  ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന്റെ തീരുമാനം. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുമുണ്ട്. 

click me!