ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി

Published : Nov 18, 2019, 04:54 PM ISTUpdated : Nov 18, 2019, 05:14 PM IST
ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി

Synopsis

മദ്രാസ് ഐഐടി വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ തമിഴ്‌നാട്ടിൽ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിക്കും ചെന്നൈയിലെ വള്ളുവർകോട്ടത്ത് വിദ്യാർത്ഥികളുടെ വൻ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനം

ചെന്നൈ: മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി മദ്രാസ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ഐഐടി മദ്രാസ് വിദ്യാർത്ഥികളാണ് അധികൃതരോട് ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് തള്ളിയിരിക്കുന്നത്.

നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രത്യേക ആഭ്യന്തര അന്വേഷണം പരിഗണിക്കുന്നില്ല എന്നാണ് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചത്. വിദ്യാർഥികൾക്ക് ഐഐടി യുടെ ഇമെയിലിൽ നിന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തങ്ങൾ ഉന്നയിച്ച ആവശ്യം കിട്ടുന്നത് വരെ നിരാഹാരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

അതേസമയം ഐഐടി മദ്രാസ് വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ വർധിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിക്കും. ചെന്നൈയിലെ വള്ളുവർകോട്ടത്ത് വിദ്യാർത്ഥികളുടെ വൻ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഫാത്തിമയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ഇന്ന് പാർലമെന്റിലെ ശൂന്യവേളയിൽ എംപിമാർ ഉന്നയിച്ചത് ബഹളത്തിൽ കലാശിച്ചിരുന്നു. ശൂന്യവേളയില്‍ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍, ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി എന്നിവരാണ് വിഷയം അവതരിപ്പിച്ചത്. ഉന്നതതല അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. 

മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഐഐടി പരാതി നൽകിയത്  നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. "വിവേചനമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളതായി കനിമൊഴി പറഞ്ഞു. കുട്ടിയുടെ മൊബൈലില്‍ ഒരു അധ്യാപകനാണ് മരണത്തിന് കാരണമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടും ഇതുവരേയും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്നും കനിമൊഴി ചോദിച്ചു. 

"ഐഐടിയിലെ മരണം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണം.  ഇതുവരേ 52 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തു. 72 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു". ഗൗരവതരമായ വിഷയമാണെന്നും  സര്‍ക്കാര്‍ ഇടപെടണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. 

എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ്  എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നും  അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് തള്ളിയ സ്പീക്കര്‍ ശൂന്യവേളയില്‍ സമയം അനുവദിക്കുകയായിരുന്നു. സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു ക്രമസമാധാനവിഷയമല്ലെന്ന നിലപാടിലാണ് എഐഎഡിഎംകെ. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലും ഈ നിലപാടാണ് എഐഎഡിഎംകെ സ്വീകരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ