
ദില്ലി:ക്യാമ്പസിനുള്ളിൽ മുൻ വിദ്യാർത്ഥിക്ക് വിലക്ക് ഏർപ്പെടുത്തി ജെഎൻയു സർവകലാശാല.ക്യാമ്പസിന് വിരുദ്ധമായ നടപടികൾ സ്വീകരിച്ചുവെന്ന് കാട്ടിയാണ് വിദ്യാർത്ഥി സംഘടനയായ ഐസാ ( AISA) നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ സുജേതാ ഡേയ്ക്ക് സർവകലാശാല വിലക്ക് ഏർപ്പെടുത്തിയത്.
സർവകലാശാല വൈസ് ചാൻസിലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. സർവകലാശാല നിയമവലിയിലെ മുപ്പത്തിരണ്ടാം ചട്ടം അനുസരിച്ചാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. സഹായങ്ങൾ നൽകുന്ന വിദ്യാർത്ഥികൾക്ക് നേരെയും നടപടിയുണ്ടാകും. ക്യാന്പസിനുള്ളിൽ പ്രവേശിക്കാനും അനുവാദം നൽകില്ല. സർവകലാശാലയുടെ സദ്പേരിനോ, പ്രവർത്തനങ്ങൾക്കോ പ്രശ്നം സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നവർക്കെതിരെ പ്രയോഗിക്കുന്ന വിസിയുടെ പ്രത്യേക അധികാരമാണിത്.
2012ലെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷയായിരുന്നു സുജേതാ പഠനം പൂർത്തിയായിതിനു ശേഷവും ക്യാമ്പസിലെ വിദ്യാർത്ഥി സംഘടന പരിപാടികളുടെ ചുമതല വഹിച്ചിരുന്നു. CPI-ML ( LIBERATION) അംഗമായ സുജേത്ക്ക് ഓൾ ഇന്ത്യ സെൻട്രൽ കൌൺസിൽ ഓഫ് ട്രേഡ് യൂണിയൻ ( (AICCTU) ചുമതലയുണ്ട് സർവകലാശാല ഹോസ്റ്റൽ മെസുകളിലെ താൽക്കാലിക തൊഴിലാളികളുടെ ശമ്പളം വിതരണം മുടങ്ങിയതിനെതിരെ തൊഴിലാളികളുടെ ട്രേഡ് യൂണിയൻ രൂപീകരിച്ച് സമരം നടന്നിരുന്നു.
ഇതിന് നേതൃത്വം നൽകിയത് സുജേതയാണ്. ഇതിനു പിന്നാലെയുള്ള പ്രതികാര നടപടിയാണിതെന്ന് സുജേത ആരോപിച്ചു. ക്യാമ്പസിനുള്ളിലേക്ക് പോകാൻ സുരക്ഷാ ജീവനക്കാർ അനുവദിക്കില്ലെന്നും സുജേത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപടിയെ നിയമപരമായി നേരിടുമെന്നും സുജേത ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നടപടിയെ വിമർശിച്ച് സിപിഎംഎൽ ലിബറേഷൻ പിബി അംഗം കവിതാ കൃഷ്ണനും രംഗത്തെത്തി. അതേസമയം നടപടിയെ കുറിച്ച് പ്രതികരിക്കാൻ ജെഎൻയു വിസിയും രജിസ്ട്രാറും വിസമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam