ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗുണ്ടാ വിളയാട്ടമുണ്ടായതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയെന്നും സെര്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്ഐആര്‍. ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു.

ഇതിനെതിരെ ദില്ലി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

അതേസമയം, ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. 'എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല'- ഐഷി കുറിച്ചു.