സിബില്‍ സ്‌കോര്‍ വില്ലനായി, എസ്ബിഐയില്‍ ലഭിച്ച ജോലി നഷ്ടമായി; ബാങ്ക് നിലപാട് ശരിവച്ച് കോടതിയും

Published : Jul 02, 2025, 03:05 PM ISTUpdated : Jul 02, 2025, 03:11 PM IST
SBI Notification

Synopsis

സിബില്‍ റിപ്പോര്‍ട്ടില്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ കണ്ടെത്തിയതാണ് നിയമനം റദ്ദാക്കാന്‍ കാരണമെന്ന് എസ്ബിഐ അറിയിച്ചു.

പുതിയ ബിസിനസ് തുടങ്ങുമ്പോള്‍ കൂട്ടുകാരോടും കുടുംബത്തോടും സഹായം ചോദിക്കുന്നത് സാധാരണമാണ്. ഇതുപോലെ, ഒരു അനുജന്‍ തന്റെ ബിസിനസ് തുടങ്ങാനായി ചേട്ടനോട് പണം ചോദിക്കുകയും അന്ന് ഐസിഐസിഐ ബാങ്കില്‍ ജോലി ചെയ്തിരുന്ന ചേട്ടന്‍, അനുജനെ സഹായിക്കാന്‍ പല വ്യക്തിഗത വായ്പകളും എടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയുടെ തിരിച്ചടവ് മുടങ്ങുകയും അത് വഴി സിബില്‍ സ്‌കോര്‍ കുറയുകയും ചെയ്തതോടെ കിട്ടിയ ജോലി പോലും നഷ്ടമാകുന്ന സാഹചര്യം ആലോചിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഇത്തരമൊരു ദുവസ്ഥയിലൂടെ കടന്നുപോകുകയാണ് തമിഴ്‌നാട് സ്വദേശിയായ പി. കാര്‍ത്തികേയന്‍ എന്ന യുവാവ്.

കടക്കെണിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍

അനുജന്റെ ബിസിനസ് നന്നായി പോയിരുന്നപ്പോള്‍ വായ്പയുടെ തവണകള്‍ കൃത്യമായി അടയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, അനുജന് ഒരു അപകടം പറ്റിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിസിനസ്സില്‍ നിന്ന് വേണ്ടത്ര വരുമാനം ഇല്ലാതായപ്പോള്‍, കാര്‍ത്തികേയന് സ്വന്തം ശമ്പളം കൊണ്ട് മാത്രം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ചേട്ടന് കഴിഞ്ഞില്ല, അതോടെ വായ്പകള്‍ മുടങ്ങി. അനുജന്റെ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ വേണ്ടിയുള്ള ഈ കടംവാങ്ങല്‍ ഒരുപാട് വായ്പകളിലേക്കും ക്രെഡിറ്റ് കാര്‍ഡ് കടങ്ങളിലേക്കും അപ്പോഴേക്കും അദ്ദേഹത്തെ എത്തിച്ചു. ചില വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും, ചില വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡ് കടങ്ങളും അടയ്ക്കാന്‍ കഴിയാതെ വന്നു. ഐസിഐസിഐ ബാങ്കില്‍ ജോലി ചെയ്യുമ്പോള്‍ എടുത്ത ഒരു വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന്, പണം തിരിച്ചുപിടിക്കാന്‍ ബാങ്ക് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകപോലുമുണ്ടായി. 2019-ല്‍ ക്രെഡിറ്റ് കാര്‍ഡ് കടം തിരിച്ചടയ്ക്കാത്തതിനാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് 40,000 രൂപ എഴുതിത്തള്ളേണ്ടി വരുകയും ചെയ്തു.

ഈ സംഭവങ്ങളെല്ലാം കാരണം അദ്ദേഹത്തിന്റെ സിബില്‍ സ്‌കോര്‍ വളരെ മോശമായി. അതിനിടെ 2020 ജൂലൈയില്‍ സിബിഒ തസ്തികയിലേക്ക് എസ്ബിഐ നല്‍കിയ പരസ്യം അനുസരിച്ച്് പി. കാര്‍ത്തികേയന്‍ അപേക്ഷിച്ചു. കാര്‍ത്തികേയന്‍ എല്ലാ പരീക്ഷകളിലും വിജയിക്കുകയും, തുടര്‍ന്ന് 2021 മാര്‍ച്ച് 12-ന് എസ്ബിഐ അദ്ദേഹത്തിന് നിയമന കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍, 2021 ഏപ്രില്‍ 9-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കി. കാര്‍ത്തികേയന്റെ സിബില്‍ റിപ്പോര്‍ട്ടില്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ കണ്ടെത്തിയതാണ് നിയമനം റദ്ദാക്കാന്‍ കാരണമെന്ന് എസ്ബിഐ അറിയിച്ചു.

എസ്ബിഐ ജോലി നിഷേധിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കാരണം, ഈ ജോലിക്ക് വേണ്ടി അദ്ദേഹം എച്ച്ഡിഎഫ്‌സി ബാങ്കിലെ തന്റെ സ്ഥാനം രാജിവെച്ചിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരിഹരിക്കാന്‍ കഴിയുമെന്ന് എസ്ബിഐയുടെ സിജിഎം-എച്ച്ആര്‍ 2021 മാര്‍ച്ച് 20-ന് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും, അതിനാല്‍ തനിക്കും ആ അവസരം നല്‍കണമെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ 2025 ജൂണ്‍ 2-ന് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളി. എസ്ബിഐയുടെ നിലപാട് ശരിയാണെന്നും, എസ്ബിഐയുടെ ആഭ്യന്തര നിയമങ്ങളിലെ ക്ലോസ് -1(ഇ) പ്രകാരം മോശം സിബില്‍ സ്‌കോര്‍ കാരണം നിയമനം റദ്ദാക്കുന്നത് സാധുവാണെന്നും കോടതി വിധിച്ചു. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുകയും മോശം സിബില്‍ സ്‌കോര്‍ ഉള്ളവരും യോഗ്യരല്ലെന്ന ബാങ്കിന്റെ തീരുമാനം ശരി വച്ച കോടതി ബാങ്കിംഗ് ബിസിനസ്സില്‍ ജീവനക്കാര്‍ പൊതുജനങ്ങളുടെ പണമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാലായിരിക്കാം ഈ മാനദണ്ഡം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. ബാങ്ക് പരസ്യം പുറത്തിറക്കിയ തീയതി വരെ തനിക്ക് ഒരു വായ്പയും കുടിശ്ശികയില്ലെന്നും എല്ലാ വായ്പകളും തിരിച്ചടച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ തന്റെ അപേക്ഷയില്‍ പറഞ്ഞു. സിബില്‍ ഉള്‍പ്പെടെയുള്ള ഒരു ക്രെഡിറ്റ് ഏജന്‍സിയും തന്നെ വീഴ്ച വരുത്തിയവനായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ എസ്ബിഐയുടെ തീരുമാനം തെറ്റാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ വായ്പ തിരിച്ചടച്ചാല്‍ മാത്രം പോരെന്നും, വായ്പയുടെ മുഴുവന്‍ കാലയളവിലും തിരിച്ചടവ് രേഖകള്‍ ശുദ്ധമായിരിക്കണമെന്നും മോശം സിബില്‍ റിപ്പോര്‍ട്ട് ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്