ദില്ലി: കേന്ദ്രസഹമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസവും, ക്യാബിനറ്റ് മന്ത്രിയുടെ ലെറ്റർ പാഡുകളും ഉപയോഗിച്ച് മലയാളിയുടെ വൻ തൊഴിൽ തട്ടിപ്പ്. പത്ത് മലയാളികളിൽ നിന്നായി ബാലരാമപുരം സ്വദേശി രാജീവ് അശോക് തട്ടിയെടുത്തത് 20 ലക്ഷം രൂപയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. രാജീവ് അശോക് ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക മെയിലും, കേന്ദ്രമന്ത്രിമാരുടെ ലെറ്റർപാഡും ഉപയോഗിച്ച് നടത്തിയ തട്ടിപ്പിനെതിരെ പ്രധാനമന്ത്രിക്കടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ മെയ് മാസത്തിൽ, എറണാകുളം സ്വദേശി അഭിലാഷിനോട്, രാജീവ് അശോക് മന്ത്രി ഓഫീസില്‍ ജോലിയുണ്ടെന്ന് പറയുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. പിന്നാലെ വേറെ മന്ത്രിമാരുടെയും ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ പേരെ കൂടെക്കൂട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും എൻഡിഎ സഖ്യകക്ഷിയുമായ കേന്ദ്രമന്ത്രി രാംദാസ് അത്താവ്‍ലെയുടെ പിആർഓ എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് അശോക് തട്ടിപ്പ് നടത്തിയത്.
മൂന്നുപേര്‍ക്ക് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി രത്തന്‍ ലാല്‍ കട്ടാരിയയുടെ ഓഫീസില്‍ നിന്ന് നിരന്തരം മെയിലുകളെത്തി. ജോലിക്കാര്യവും ഗേറ്റ് പാസ്സ് അനുവദിച്ചതും എല്ലാം mos.socialjustice@gmail.com എന്ന ഇ-മെയിലിൽ നിന്നാണ്. മന്ത്രി കടാരിയയുടെ ഔദ്യോഗിക മെയിൽ തന്നെയാണിതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തി.
മന്ത്രിമാരായ തവർചന്ദ് ഗെലോട്ട്, രാംദാസ് അത്താവ്‍ലെ എന്നിവരുടെ ലെറ്റർഹെഡുകളും, തട്ടിപ്പിനുപയോഗിച്ചു. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നുന്ന ലെറ്റര്‍ ഹെഡുകളിലാണ് ശമ്പളത്തിന്‍റെ വിവരങ്ങൾ അടക്കമുള്ള വിശദമായ നിയമന ഉത്തരവ് നൽകിയത്. അതോടെ സംശയമൊന്നുമില്ലാതെ ഉദ്യോഗാർത്ഥികൾ രാജീവ് അശോക് പറഞ്ഞ പണവും കൊടുത്ത് ദില്ലിയിലെത്തി. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്നെഴുതിയ കാറിലെത്തി രാജീവ് അശോകന്‍ ഉദ്യോഗാര്‍ത്ഥികളെ മന്ത്രി അത്താവ്‍ലെയുടെ വീട്ടിലും ഓഫീസിലും കൊണ്ടുപോയി. മന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു.
ബാലരാമപുരം കേരളാ ഗ്രാമീണ്‍ ബാങ്കിൽ രാജീവ് അശോകന്‍റെ പേരിലുള്ള അക്കൗണ്ട് വഴിയും നേരിട്ടുമായി ആകെ 20 ലക്ഷത്തിലധികം രൂപയാണ് പത്തു മലയാളികള്‍ കൈമാറിയത്. യഥാർത്ഥ സർട്ടിഫിക്കറ്റുകളും കൈമാറി. ജോലിയില്‍ പ്രവേശിക്കണമെന്ന് അറിയിച്ച തീയതിയും കഴിഞ്ഞതോടെ ഇവർ മന്ത്രി രാംദാസ് അത്താവ്‍ലെയുടെ ഓഫീസില്‍ നേരിട്ടുപോയി. ജോലിയില്ലെന്നും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഔദ്യോഗിക മെയില്‍ ഐഡിയില്‍ നിന്ന് എങ്ങനെ മെയില്‍ വന്നെന്നും ലെറ്റര്‍ ഹെഡ് എങ്ങനെ അയച്ചെന്നും ചോദിച്ചപ്പോള്‍ കേന്ദ്ര സഹ മന്ത്രി രാംദാസ് അത്താവ്‍ലെയ്ക്കും ഓഫീസിലുള്ളവർക്കും മറുപടിയില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും എറണാകുളം രവിപുരം പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തു. ഇതുവരെ ഒന്നും സംഭവിച്ചിട്ടുമില്ല.
വിശദമായ വാർത്ത കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam