
ദില്ലി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പാര്‍ലമെന്‍റിൽ ആവശ്യമുയർത്തി സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്. ഒരു പാർലമെന്‍ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്‍റെ പദവി പ്രധാനമന്ത്രിയുടെ പദവി പോലെ തന്നെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി എന്ന സ്ഥാപനത്തെ എപ്രകാരം ബഹുമാനിക്കുന്നുവോ, അപ്രകാരം തന്നെ പ്രതിപക്ഷ നേതാവിനെയും ബഹുമാനിക്കേണ്ടതുണ്ട്.
അതിനാൽ, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ബ്രിട്ടാസ് സഭയിൽ ആവശ്യപ്പെട്ടു. ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ്. അതുകൊണ്ട് തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് വളരെയധികം പ്രാധാന്യമുണ്ട്. സ്പീക്കർ റൂളിംഗ് ഒന്നും നൽകേണ്ടെന്നും, രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഭരണപക്ഷത്തോട് ആവശ്യപ്പെടുക മാത്രം ചെയ്താൽ മതിയെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
അതേസമയം, മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും ബഹളമയമായി. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കുന്നത് അസാധരണമാണ്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചത്.
ഇത് സർക്കാർ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തർക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്സഭയിൽ നരവനേയുടെ പുസ്തകവും സറണ്ടർ മോദിയെന്നെഴുതിയ പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. അതേസമയം ജനങ്ങൾ നിരന്തരം നിരാകരിക്കുന്ന ബോധമില്ലാത്ത ബാലന്‍റെ തടവറയിലാണ് കോൺഗ്രസെന്ന് ബിജെപി തിരിച്ചടിച്ചു. നദ്ദയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam