2 കോടിക്ക് ഒരു ട്വീറ്റോ?; ആരും ചോദിക്കാത്ത കാര്യം; ജോലി തുടരും എന്ന് മുഹമ്മദ് സുബൈര്‍

Published : Jul 22, 2022, 11:05 PM IST
2 കോടിക്ക് ഒരു ട്വീറ്റോ?; ആരും ചോദിക്കാത്ത കാര്യം; ജോലി തുടരും എന്ന് മുഹമ്മദ് സുബൈര്‍

Synopsis

ഉത്തർപ്രദേശ് പൊലീസാണ് സുബൈറിനെതിരായ കേസില്‍ യുപി കോടതിയിൽ ആദ്യം ആരോപണം ഉന്നയിച്ചത്. 

ദില്ലി: തന്‍റെ ജോലി വീണ്ടും തുടരുമെന്ന് ജയില്‍ മോചിതനായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍. "ബഹുമാനപ്പെട്ട കോടതി (സുപ്രീം കോടതി) ഒരു നിയന്ത്രണവും ഏർപ്പെടുത്താത്തതിനാൽ ഞാൻ എന്റെ ജോലി ഞാൻ പഴയതുപോലെ ചെയ്യും,” ജയില്‍ മോചനത്തിന് ശേഷം ആദ്യമായി പ്രതികരിച്ച സുബൈർ പറഞ്ഞു.

തന്‍റെ ട്വീറ്റുകൾക്ക് 2 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിൽ, അന്വേഷണത്തിന്‍റെ ഒരുഘട്ടത്തിലും തന്നോട് അതിനെക്കുറിച്ച് ആരും ചോദിച്ചിട്ടില്ലെന്ന് സുബൈർ പറഞ്ഞു. മോചിതനായതിന് ശേഷമാണ് ഈ ആരോപണത്തെക്കുറിച്ച് ഞാൻ അറിയുന്നത്, ഒരു അന്വേഷണ ഏജൻസിയും എന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല , മുഹമ്മദ് സുബൈര്‍ പറഞ്ഞു.

ഉത്തർപ്രദേശ് പൊലീസാണ് സുബൈറിനെതിരായ കേസില്‍ യുപി കോടതിയിൽ ആദ്യം ആരോപണം ഉന്നയിച്ചത്. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ്, ഹർജിക്കാരൻ മാധ്യമപ്രവർത്തകനല്ലെന്നും, സുബൈര്‍ ദുരുദ്ദേശ്യപരമായ ട്വീറ്റുകൾ നടത്തി പണം സമ്പാദിക്കുകയാണെന്നും. ട്വീറ്റുകൾ എത്രത്തോളം ദുരുദ്ദേശ്യപരമാണോ അത്രയധികം പണം ലഭിക്കുമെന്നും, ആരോപിച്ചിരുന്നു. 

തന്റെ ട്വീറ്റുകൾക്ക് രണ്ട് കോടി രൂപ ലഭിച്ചതായി അദ്ദേഹം സമ്മതിച്ചു. സുബൈര്‍ ഒരു പത്രപ്രവർത്തകനല്ല, വിദ്വേഷ പ്രസംഗ വീഡിയോകൾ മുതലെടുത്ത് വർഗീയ വിഭജനം സൃഷ്ടിക്കാൻ അവയെ വൈറൽ ആക്കുന്ന ഒരു വ്യക്തിയാണ് സുബൈര്‍ എന്നാണ് യുപി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. ഇത് വാര്‍ത്തയായിരുന്നു. ഇതിനോട് പ്രതികരിച്ച സുബൈര്‍ വെള്ളിയാഴ്ച ഇത് നിഷേധിച്ചു.

'എഴുതുന്നത് എങ്ങനെ തടയും', സുബൈര്‍ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന പൊലീസ് ആവശ്യം തള്ളി സുപ്രീംകോടതി

അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി ഉപയോഗിക്കണം എന്നത് നിയമത്തിന്റെ ഒരു നിശ്ചിത തത്ത്വമാണ്, നിലവിൽ അദ്ദേഹത്തെ തുടർച്ചയായി തടങ്കലിൽ പാർപ്പിക്കാനും അനന്തമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കാനും ന്യായീകരണമില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി പറഞ്ഞിരുന്നു. 

മുഹമ്മദ് സുബൈറിനെതിരായ യുപിയിലെ പ്രത്യേക അന്വേഷണം കോടതി റദ്ദാക്കുകയും യുപിയിലെ എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥനയും ജഡ്ജിമാർ നിരസിച്ചു.

എഴുതുന്നത് എങ്ങനെ തടയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. അഭിഭാഷകരോട് വാദിക്കരുതെന്ന് പറയുന്നത് പോലെയാണ് മാധ്യമ പ്രവർത്തകരോട് എഴുതരുത് എന്ന് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.   ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുബൈറിന്‍റെ മോചനത്തിന് ഉത്തരവിട്ടത്. 20000 രൂപ കെട്ടി വെച്ചാണ് ജാമ്യം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം വന്നത്. 

ദില്ലിയിൽ രജിസ്റ്റ‍ർ ചെയ്ത കേസുകളില്‍  മുഹമ്മദ് സുബൈറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ഉത്തർപ്രദേശിലെ കേസുകളിൽ ജാമ്യം ലഭിച്ചതോടെ മുഹമ്മദ് സുബൈര്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി. ഏഴ് കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. നേരത്തെ സീതാപ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബർ 7 വരെ നീട്ടി.

1983 ലെ  'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. 

'ജനാധിപത്യത്തിൽ എതിർ ശബ്ദം അനിവാര്യം', രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് കുറ്റകരമല്ലെന്നും ദില്ലി കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി