യുപി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

By Web TeamFirst Published Feb 2, 2023, 2:03 AM IST
Highlights
ഉത്തർപ്രദേശിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന്   ജയിൽ മോചിതനാകും

ദില്ലി: ഉത്തർപ്രദേശിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന്   ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റുനടപടികളും പൂർത്തിയായി. യുപി പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ സുപ്രീം കോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്.

യുപി പൊലീസിന്റെ കേസിൽ വെരിഫെക്കേഷൻ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. അവസാന ഘട്ട നടപടികൾ പൂർത്തിയായതോടെ കോടതി റിലീസിങ് ഓർഡർ ലഖ്‌നൗ ജയിലിലേക്ക് അയച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. 

ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നൽകി. ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ  2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ്  കാപ്പൻ ജയിൽ മോചിതനാകുന്നത്. 

Read more:  'കേരളം സുരക്ഷിത ഭക്ഷണ ഇടം': 247 സ്ഥലങ്ങളിൽ പരിശോധന, 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു

യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 27 മാസമായി ജയിലിൽ തുടരുകയായിരുന്നു.. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി നേരത്തെ കോടതിയില്‍ വാദിച്ചത്. ‌പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. 

click me!