കൊവിഡ് 19: 'പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ പ്രസ്താവനകൾ ഒഴിവാക്കണം'; നേതാക്കളോട് ജെ പി നദ്ദ

By Web TeamFirst Published Apr 4, 2020, 11:16 AM IST
Highlights

ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

ദില്ലി: കൊറോണ വ്യാപനത്തനിടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വിഭാഗീയത സൃഷ്ടിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. വ്യാഴാഴ്ച നടന്ന ബിജെപി ദേശീയ നേതാക്കളുടെ യോഗത്തിലാണ് നദ്ദ ഇക്കാര്യം ആവശ്യപ്പെട്ടത്. 

കൊവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സർക്കാരുകൾ എല്ലാവിധ പിന്തുണയും നൽകണമെന്നും നദ്ദ ആവശ്യപ്പെട്ടു.

“രാഷ്ട്രത്തെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം ഇതിനകം തന്നെ നമുക്ക് ഉണ്ട്. വൈറസും രോഗവും ലോകമെമ്പാടുമുള്ളവരേയും, എല്ലാ വിശ്വാസങ്ങളെയും ദുർബലമാക്കി. പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ പ്രസ്താവനകളോ പരാമർശങ്ങളോ ആരും നൽകരുത്,“നദ്ദ പറഞ്ഞു.

വിഭാഗീയത വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

click me!