
ദില്ലി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പതിനേഴ് പേർ മാവോയിസ്റ്റുകളായിരുന്നില്ല, ഗ്രാമീണരായിരുന്നുവെന്ന ജുഡീഷ്വല്‍ റിപ്പോർട്ട് പുറത്ത്. 2012 ജൂൺ 28 ന് ബീജാപൂർ ജില്ലയിലെ സർകേഗുഡ എന്ന പ്രദേശത്ത് വച്ചായിരുന്നു ഏറ്റുമുട്ടൽ. ഏഴ് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് വിജയകുമാർ അഗർവാൾ ഈ സംഭവത്തിന്റെ ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ചത്. വെടിവയ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളായിരുന്നില്ല, ഗ്രാമീണരായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അന്ന് സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടതെന്ന് തെളിയിക്കാൻ സാധിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ സുരക്ഷാസേനയ്ക്ക് സാധിച്ചിട്ടില്ല. ഗ്രാമീണർക്ക് നേരെയുള്ള നടപടിക്ക് കാരണമായി സുരക്ഷാ സേന നിരത്തിയ കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഒക്ടോബർ 17 നാണ് ജസ്റ്റിസ് അഗർവാൾ റിപ്പോർട്ട് സമർപ്പിച്ചത്. ഗ്രാമീണരുടെ ഭാഗത്ത് നിന്ന് വെടിവയ്പ്പുണ്ടായതിനെ തുടർന്നാണ് തിരിച്ച് വെടിയുതിർത്തത് എന്നായിരുന്നു സുരക്ഷാ സേനയുടെ അവകാശവാദം. എന്നാൽ അത്തരത്തിലൊരു ആക്രമണം നടന്നതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ സേനയ്ക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റമുട്ടലിൽ പതിനേഴ് പേര് കൊല്ലപ്പെട്ട സംഭവം വ്യാജമാണെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് അന്നത്തെ ബിജെപി സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്നും തോക്കുകളും ഉണ്ടകളും കണ്ടെടുത്തുവെന്ന വാദത്തെയും റിപ്പോർട്ട് തള്ളിക്കളയുന്നു. നീതിക്ക് വേണ്ടിയുളള ഗ്രാമീണരുടെ പോരാട്ടത്തിൽ വിജയിച്ചിരിക്കുന്നു എന്നാണ് ഗ്രാമീണർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഇഷാ ഖണ്ഡേൽവാൾ അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam