പ്രതി ജാമ്യം ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത്; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പിന്നാലെ അറസ്റ്റ്

By Web TeamFirst Published Dec 3, 2019, 12:34 PM IST
Highlights

'ഡോൺ' ആണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ജിമ്മി പറഞ്ഞതായി പൊലീസ് അറിയിച്ചു.

ആ​ഗ്ര: പ്രതി ജാമ്യം ആഘോഷിച്ചത് ആകാശത്തേക്ക് വെടിയുതിർത്ത്. ഉത്തർപ്രദേശിലെ ആ​ഗ്രയിലുള്ള സെക്ടർ 15 ബി ആവാസ് വികാസ് കോളനിയിലാണ് സംഭവം. ജിമ്മി ചൗധരി (35)യാണ് തന്റെ ജാമ്യം വെടിയുതിർത്ത് ആഘോഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഘോഷത്തിന്റെ രണ്ട് വീഡിയോകളാണ് ജിമ്മി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ആകാശത്തേക്ക് വെടിയുതിർക്കുന്നതാണ് ഒരു വീഡിയോ. വഴിയോര കച്ചവടക്കാരന്റെ തലയിൽ കുപ്പികൊണ്ട് അടിക്കുന്നതാണ് മറ്റൊന്ന്‌. മുൻ ആർമി ഉദ്യോ​ഗസ്ഥന്റെ മകനാണ് ജിമ്മി ചൗധരി. ജഗദിസ്പുര, സിക്കന്ദ്ര, എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇരുപത് ക്രിമിനൽ കേസുകൾ ജിമ്മിയുടെ പേരിലുണ്ട്. 

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖ ചമക്കൽ, വഞ്ചന, കവർച്ച, മോഷണം, മയക്കുമരുന്ന് കടത്ത്, യുപി ഗുണ്ട ആക്ട്, ഗ്യാങ്സ്റ്റർ ആക്റ്റ് എന്നീ കേസുകളാണ് ജിമ്മിക്കെതിരെ ഉള്ളത്. ആകാശത്തേക്ക് വെടിയുതിർത്തും ബിയർ കുടിച്ചും ജാമ്യം ആഘോഷിക്കുന്ന ജിമ്മിയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടുവെന്നും ഇതിന് പിന്നാലെ ഇയാളെ ആറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സർക്കിൾ ഓഫീസർ സൗരഭ് ദിക്ഷിത് പറഞ്ഞു.

'ഡോൺ' ആണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ജിമ്മി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 24മത്തെ വയസിലാണ് ആദ്യമായി ജിമ്മിക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്. കൊലപാതക ശ്രമത്തിനായിരുന്നു കേസ്.  ബിരുദധാരിയായ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറയുന്നു.
 

click me!